തൊടുപുഴ: ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള സൈക്ലിംഗ് വെലോഡ്രോമിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ സൈക്ലിംഗ് അസ്സോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു. പത്ത് വർഷം മുമ്പ് ജില്ലയ്ക്ക് സംസ്ഥാന ബജറ്റിൽ അനുവദിച്ച സൈക്കിൾ വെലോഡ്രോമിനായി ജില്ലാ ആസ്ഥാനത്തിന് സമീപം ജില്ലാ വികസന അതോറിറ്റി സ്ഥലം മാറ്റിവച്ചിട്ടുള്ളതാണ്. എന്നാൽ നാളിത്വരെ ഇതുവരെയും മറ്റ് യാതോരു നടപടികളും ഉണ്ടായിട്ടില്ല. പരിശീലനത്തന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും വിവിധ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളിൽ ജില്ല ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി വരുന്നു. ട്രാക്ക് മത്സരങ്ങളിൽ ഇതുവരെയും ജില്ലയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും പലതവണ റണ്ണർഅപ്പ് ആയിട്ടുണ്ട്. കായിക ക്ഷമതയുള്ള ധാരാളം സൈക്ലിംഗ് താരങ്ങൾ ജില്ലയിലുണ്ടെങ്കിലും ആധുനിക രീതിയിലുള്ള പരീശീലനത്തനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഒരിടത്തുമെത്താനാകാതെ വരുന്നു. സ്ഥിരമായ പരിശീലന സൗകര്യവും ട്രാക്കും ഉണ്ടായാൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ കൂടുതൽ വിജയം നേടാനാകുമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോർളി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, വി.സി. വിനോദ്, ലിനീഷ് പോൾ എന്നിവർ സംസാരിച്ചു. ഷെൽബിൻ ജോസ് സ്വാഗതവും, സി.വി. പോൾ നന്ദിയും പറഞ്ഞു.