മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടാനക്കൂട്ടം തുരത്തി. രണ്ടു സ്ത്രീകൾക്ക് വീണ് പരിക്കേറ്റു. ചുരക്കുളം ഗോത്രവർഗ കോളനിയിലെ ഭഗവതിയുടെ മകൾ ഗായത്രി (22), പയസ് നഗർ കരിമ്പാറ സ്വദേശി ചേലാട്ട് മേരി (50) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഗായത്രിയെ മറയൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടുമലൈ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 11ന് ചുരക്കുളത്തിന് സമീപം കുണ്ടക്കാട് വരയടി ഭാഗത്ത് ശക്തിയുടെ കൃഷിയിടത്തിൽ തൊഴിലുറപ്പ് ജോലി ചെയ്തു കൊണ്ടിരുന്ന രണ്ടു പുരുഷൻമാരും 35 സ്ത്രീകളും ഉൾപ്പെട്ട 37 പേരടങ്ങിയ സംഘത്തിന് നേരെയാണ് 13 ആനകൾ പാഞ്ഞടുത്തത്. കാരയൂർ ഗ്രാമപരിസരത്ത് നിന്നും ഗ്രാമവാസികൾ തുരത്തിയ ആനക്കൂട്ടമാണ് വിരണ്ട് തൊഴിലാളികളുടെ നേരെ പാഞ്ഞടുത്തതെന്ന് തൊഴിലാളിയായ പാണ്ടാലി ജോയി പറഞ്ഞു. ചിതറിയോടിയ തൊഴിലാളികൾ സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കിലും കൃഷിയിടത്തിലെ വരമ്പിൽ തട്ടി ഗായത്രി താഴെ വീണു. ഗായത്രിയുടെ പിന്നാലെയെത്തിയ കൊമ്പൻ വരമ്പിന് താഴെ കിടന്ന ഗായത്രിയുടെ സമീപത്ത് എത്തിയെങ്കിലും കുറച്ചു നേരം നിലയുറപ്പിച്ച ശേഷം കാട്ടാന കൂട്ടത്തോടൊപ്പം വനത്തിലേക്ക് മടങ്ങി. ആനകൾ പിൻ വാങ്ങിയ ശേഷം മറ്റുള്ളവർ ഓടിയെത്തി പരിക്കേറ്റ ഗായത്രിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം പകൽ സമയം പോലും കുണ്ടക്കാട്, കാരയൂർ വനമേഖല അതിർത്തികളിലെ കൃഷിയിടങ്ങളിൽ കർഷകർക്ക് വരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വേനൽ രൂക്ഷമായതിനാൽ ചിന്നാർ വനമേഖലയിൽ തീറ്റയില്ലാത്തതിനാൽ കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങാൻ മടിക്കുകയാണ്.
''കാരയൂർ, കുണ്ടക്കാട്, കീഴാന്തൂർ വനാതിർത്തികളിൽ ആനക്കൂട്ടത്തിന്റെ ശല്യം ഒഴിവാക്കാൻ കൂടുതൽ വാച്ചർമാരെ നിയമിക്കാനും കൃഷി നാശത്തിനുമുള്ള നഷ്ടപരിഹാരത്തിനും നടപടികൾ സ്വീകരിക്കും""
-ബി. രഞ്ജിത്ത് (മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ)