മുട്ടം: അടച്ചുറപ്പുള്ള വീട് സ്വന്തമായതിന്റെ സന്തോഷത്തിലാണ് മുട്ടം സ്വദേശികളായ കഴുമറ്റത്തിൽ സരോജിനിയും പൈതക്കൽ സരസമ്മയും. കഴിഞ്ഞ പ്രളയത്തിൽ വീട്‌ തകർന്നവർക്ക് സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് വഴി നടപ്പിലാക്കുന്ന സ്ഥലവും വീടും നൽകുന്ന കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സരോജിനിക്കും സരസമ്മയ്ക്കും സ്ഥലവും വീടും ലഭ്യമായത്. സ്ഥലം വാങ്ങാൻ ആറ് ലക്ഷവും വീട്‌ നിർമ്മിക്കാൻ 5 ലക്ഷവും ഉൾപ്പടെ ഒരു വ്യക്തിക്ക് 11 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. സർക്കാർ അനുവദിച്ച തുക ജില്ലാ സഹകരണ ബാങ്ക് വഴി മുട്ടം സഹകരണ ബാങ്കിന് കൈമാറി. തുടർന്ന് മുട്ടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് രണ്ട് വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചത്. ഓരോ വീടുകളും 423, 425 എന്ന ചതുരശ്ര വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചത്. മാർച്ച്‌ 27ന് നിർമ്മാണം ആരംഭിച്ച് മൂന്ന് മാസങ്ങൾ കൊണ്ട് രണ്ട് വീടുകളും പൂർത്തീകരിച്ചു. പ്രളയത്തിൽ വീട്‌ തകർന്നവർക്കുള്ള പദ്ധതി പ്രകാരം മുട്ടം പഞ്ചായത്തിൽ 12 വീടുകൾ നിർമ്മിക്കാൻ സർക്കാർ ധന സഹായം അനുവദിച്ചിട്ടുണ്ട്. ഇതിൽ മുട്ടം സഹകരണ ബാങ്ക് നേതൃത്വം നൽകിയ രണ്ട് വീടുകളുടെ നിർമ്മാണം മാത്രമാണ് പൂർത്തീകരിച്ചത്. മറ്റ് വീടുകൾ ഗുണഭോക്താക്കളുടെ ഉത്തരവാദിത്വത്തിൽ അവർ തന്നെയാണ് പണിയുന്നത്. കഴിഞ്ഞ ആഴ്ച കട്ടപ്പനയിൽ നടന്ന ജില്ലാ തല പരിപാടിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ വീടുകളുടെ താക്കോൽ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഇരുവരും ഏറ്റുവാങ്ങി. സരോജിനിയുടെ മകൻ അനിൽ കഴിഞ്ഞ പ്രളയക്കെടുതിയിൽപെട്ട് മരിച്ചിരുന്നു.