തൊടുപുഴ: കർഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ അജയ്യമായ രാഷ്ട്രീയ ശക്തിയാണ് കേരള കോൺഗ്രസെന്ന് (എം) റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ചിന്ന ആഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഉന്നതാധികാര സമിതി അംഗം കെ.ഐ. ആന്റണി അദ്ധ്യക്ഷതവഹിച്ചു. പാർട്ടി മുഖപത്രമായ പ്രതിച്ഛായയുടെ ചീഫ് എഡിറ്റർ ഡോ. കുര്യാസ് കുമ്പളക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി. ജിമ്മി മറ്റത്തിപ്പാറ പ്രസിഡന്റായുള്ള പുതിയ നിയോജകമണ്ഡലം കമ്മിറ്റിയെ പ്രവർത്തകസംഗമം തിരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളിൽ തൊടുപുഴയിലെ 13 മണ്ഡലം കമ്മിറ്റികളും പൂർണ്ണമായ നിലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രൊഫ: കെ.ഐ ആന്റണി അറിയിച്ചു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് സ്വാഗതമാശംസിച്ച ചടങ്ങിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, രാരിച്ചൻ നീറണാകുന്നേൽ, ജിൻസൺ വർക്കി, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഴഞ്ഞാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രവർത്തകർ ജാഥയായി മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലെ കെ.എം. മാണിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.