കുമളി: കഞ്ചാവ് ലഭിക്കാത്തതിന്റെ പേരിൽ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. തേക്കടി ബൈപാസ് റോഡിൽ താമസിക്കുന്ന മുരുകേശനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുമ്പ് കഞ്ചാവ് വിറ്റിരുന്ന മുരുകേശനെ സമീപിച്ച് യുവാവ് കഞ്ചാവ് ആവശ്യപ്പെട്ടു. താൻ ഇപ്പോൾ കഞ്ചാവ് വിൽക്കുന്നില്ലെന്ന് മുരുകേശൻ അറിയിച്ചു. എന്നാൽ യുവാവ് ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് യുവാവ് മറ്റ് 13 പേരെ കൂട്ടികൊണ്ടു വന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ മുരുകേശന്റെ അമ്മ കുറുപ്പായി, സഹോദരൻ സുരേഷ് എന്നിവരെയും സംഘം കൈയേറ്റം ചെയ്തു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്കടിക്കാൻ ശ്രമിക്കുന്നത് കണ്ടതോടെ സമീപത്തെ തയ്യൽ കടയുടമ ധർമ്മരാജ് തടസം പിടിക്കാനെത്തി. കുപ്പി ധർമ്മരാജിന്റെ കൈയിൽ കൊണ്ട് കൈയ്ക്ക് പരിക്കേറ്റു. ബഹളം നടക്കുന്ന വിവരം അറിഞ്ഞ് മുരുകേശന്റെ മറ്റൊരു സഹോദരനും കുമളി ടൗണിലെ ആട്ടോ ഡ്രൈവറുമായ ദുരൈ മുരുകൻ എത്തി. യുവാക്കളുടെ സംഘം കല്ലുകൊണ്ട് ഇയാളുടെ തലയിൽ ഇടിച്ചു. തലയിൽ നിന്ന് ശക്തമായി രക്തം ഒഴുകുന്നത് കണ്ടതോടെ ആക്രമികൾ സ്ഥലം വിട്ടു. തലയിൽ 16 തുന്നിക്കെട്ടുള്ള ദുരൈ മുരുകൻ കുമളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.