തൊടുപുഴ: ജോസ് കെ. മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി തിരഞ്ഞെടുത്ത നടപടി താത്കാലികമായി വിലക്കിയ തൊടുപുഴ മുൻസിഫ് കോടതി ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഇടുക്കി മുൻസിഫ് കോടതി. കോട്ടയത്തു നടന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ തിരഞ്ഞെടുപ്പിനെതിരെ ജോസഫ് വിഭാഗം നൽകിയ നിരോധന ഹർജിയിലാണ് വിലക്ക് തുടരാൻ ഇടുക്കി മുൻസിഫ് രശ്മി രവീന്ദ്രൻ നിർദേശിച്ചത്. ചെയർമാൻ എന്ന നിലയിലെ അധികാരം ഉപയോഗിക്കാനുള്ള വിലക്കും നിലനിൽക്കും.
ജൂൺ 16 നു ചേർന്ന സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയതും തിരഞ്ഞെടുപ്പ് നടത്തിയതും ഭരണഘടനാ വിരുദ്ധമാണെന്നു കാട്ടി ജോസഫ് വിഭാഗം നേതാക്കളായ മനോഹർ നടുവിലേടത്തും ഫിലിപ്പ് ചേരിയിലുമാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പും യോഗത്തിലെ മറ്റു തീരുമാനങ്ങളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കേസിൽ തീർപ്പാകുന്നതു വരെ ജോസ് കെ. മാണി ചെയർമാനായി പ്രവർത്തിക്കുന്നതും അധികാരം ഉപയോഗിക്കുന്നതും വിലക്കണമെന്ന നിരോധന ഹർജിയും ഒപ്പം നൽകി. തുടർന്ന് തൊടുപുഴ മുൻസിഫ് കോടതി തിരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കുകയും ജോസ് കെ. മാണി ചെയർമാനായി തുടരുന്നത് വിലക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പു നടന്നത് ഭരണഘടനാ വിധേയമായിരുന്നെന്നു വിശദീകരിച്ച് ജോസ് കെ. മാണി എതിർ സത്യവാങ്മൂലവും വേഗം തീർപ്പാക്കൽ ഹർജിയും നൽകി. കേസിൽ മേൾക്കുന്നതിൽ നിന്ന് തൊടുപുഴ മജിസ്‌ട്രേറ്റ് പിന്മമാറിയതോടെയാണ് തുടർനടപടികൾ ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയിലേക്കു മാറ്റിയത്. ജൂലായ് 25 ന് കേസിന്റെ വാദം പൂർത്തിയായി.