തൊടുപുഴ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒന്നിലേറെ തവണ പീഡിപ്പിച്ച കേസിലെ പ്രതിയായ മുട്ടം എള്ളുംപുറം അരീപ്ലാക്കിൽ സിബിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നു. സിബിക്ക് നൽകാനുള്ള പണം മുഴുവൻ കൃത്യമായി നൽകിയിട്ടും കൈവശമുള്ള ചെക്ക് ഉപയോഗിച്ച് കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി സിബിയുടെ വീട്ടിലും കുമരകത്തുള്ള റിസോർട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കഴിഞ്ഞ 26 നാണ് വീട്ടമ്മ മുട്ടം പൊലീസിൽ പരാതി നൽകിയത്. മുട്ടം പൊലീസിൽ പരാതി നൽകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നതായി വീട്ടമ്മ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് അന്വേഷണമോ മറ്റ് തുടർ നടപടികളോ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാലാണ് പ്രതിയുടെ വീട് ഇരിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ വീട്ടമ്മ വീണ്ടും പരാതി നൽകിയത്.
വീട്ടമ്മയുടെ പരാതിയിൽ മുട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയും പീഡനം നടന്നെന്ന് പറയപ്പെടുന്ന സിബിയുടെ വീട്ടിലും കുമരകത്തും തെളിവെടുപ്പ് നടത്തുകയും ചെയ്തു. വീട്ടമ്മയെ കൊണ്ടുപോയ വാഹനം തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ തുടക്കത്തിലുണ്ടായിരുന്ന താത്പര്യം പിന്നീട് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ സിബി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. സിബിയുമായി അടുപ്പമുള്ള ചില പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ കാര്യങ്ങൾ കൃത്യമായി സിബിയെ അറിയിക്കുന്നുണ്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ചില ഭരണ- പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഇടപെടുന്നെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബി തൊടുപുഴയിൽ നടത്തുന്ന ധനകാര്യകാര്യ സ്ഥാപനത്തിൽ ഇവർക്ക് പങ്കാളിത്തമുണ്ടെന്നും നിക്ഷേപമുണ്ടെന്നും പറയപ്പെടുന്നു.
കേസ് മാറ്റി
വീട്ടമ്മയുടെ പരാതിയിൽ മുട്ടം സെഷൻസ് കോടതിയിൽ സിബി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും ഇന്നലെ പരിഗണിക്കാനിരുന്ന കേസ് കോടതി അവധിയായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി.
സിബിക്കെതിരെ വ്യാപക പരാതികൾ
നിർദ്ധനരായ നിരവധി സ്ത്രീകളെ പ്രതിയായ സിബി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. തീരെ പാവങ്ങളാണ് ഇയാളുടെ ഇരകൾ. നിർദ്ധനരായ എഴുന്നൂറിലേറെ ഇടപാടുകാർക്കെതിരെ മുട്ടം കോടതിയിൽ ഇയാൾ ചെക്ക്കേസുകൾ നൽകിയിട്ടുമുണ്ട്. മുവാറ്റുപുഴയിൽ പൊലീസുകാരനെ കൈയേറ്റം ചെയ്തതിലും തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലും മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട് സിബിയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദരേഖയുടെ നിജസ്ഥിതി അറിയാൻ ബാർ അസോസിയേഷനും ഇയാൾക്കെതിരെ കഴിഞ്ഞ വ്യാഴാഴ്ച മുട്ടം പൊലീസിൽ പരാതി നകിയിട്ടുണ്ട്.
അക്ഷൻ കൗൺസിൽ രംഗത്ത്
വ്യക്തമായ വിവരം ലഭിച്ചിട്ടും സിബിയെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കാത്ത പൊലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് വിവിധ സംഘടനകൾ ചേർന്ന് മുട്ടത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സിബിയുടെ ഇരകളായ തൊടുപുഴ താലൂക്കിലുള്ളവരെ സംഘടിപ്പിച്ച് അക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകും. പണമിടപാട് കേസിൽ മുട്ടം സ്വദേശിയെ മർദ്ദിച്ചതിന്റെ പേരിൽ രണ്ട് വർഷം മുമ്പും സിബിക്കെതിരെ മുട്ടത്ത് ബഹുജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.
കുബേര സ്തംഭിച്ചു, വട്ടിപ്പലിശക്കാർ അഴിഞ്ഞാടുന്നു
വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് ജനത്തെ രക്ഷിക്കാൻ ആവിഷ്കരിച്ച കുബേരയുടെ പ്രവർത്തനം മന്ദീഭവിച്ചതോടെ വട്ടിപ്പലിശക്കാർ പല്ലും നഖവും ഉപയോഗിച്ച് പാവപ്പെട്ട ജനത്തെ ഞെക്കിപ്പിഴിയാൻ സടകുടഞ്ഞെണീറ്റു. തൊടുപുഴ നഗരത്തിൽ കോതായിക്കുന്ന്- മങ്ങാട്ടുകവല നഗരസഭ ബസ് സ്റ്റാൻഡ്, നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള കോളനികൾ, സമീപ പഞ്ചായത്ത് പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം വട്ടിപലിശക്കാർ അരങ്ങ് വാഴുകയാണ്. ഇത് സംബന്ധിച്ച് പൊലീസിനും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കുമെല്ലാം വ്യക്തമായ അറിവുണ്ടെങ്കിലും യാതൊരു നിയമ നടപടിക്കും മുതിരുന്നില്ല. പൊലീസിലെയും മറ്റ് ചില അധികൃതരുടേയും പണമാണ് വട്ടിപ്പലിശക്ക് ബിനാമി പേരിൽ ഇവിടങ്ങളിൽ വ്യാപകമായി നൽകുന്നതെന്നും ആരോപണമുണ്ട്.