ഇടുക്കി : കുട്ടികൾ നേരിടുന്ന പീഡനങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ ആരംഭിച്ച തണൽ എന്ന സഹായകേന്ദ്രത്തിലെ 1517 ടോൾഫ്രീ നമ്പറിൽ വിളിച്ച് വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം തേടാം. കുടുംബാംഗങ്ങളോടൊപ്പം ജീവിതം നയിക്കാൻ സാദ്ധ്യതയുള്ള കുട്ടികൾക്ക് ഫോസ്റ്റർ കെയർ പദ്ധതിയിൽ ധനസഹായം ലഭിക്കും.ഇത്സംബന്ധിച്ച് ജില്ല ശിശുക്ഷേമസമിതി തീരുമാനമെടുത്തു. പ്രായം 18 ന് താഴെയായിരിക്കണം. വാർഷിക കുടുംബവരുമാനം മെട്രൊ നഗരങ്ങളിൽ 36,000 ഉം മറ്റു നഗരങ്ങളിൽ 30,000 ഉം ഗ്രാമപ്രദേശങ്ങളിൽ 24,000 രൂപയും കവിയാൻ പാടില്ല. അമ്മമാരുടെ മാത്രം സംരക്ഷണത്തിൽ കഴിയുന്ന കുട്ടികൾ, വിധവകളുടെ മക്കൾ, കുഷ്ഠരോഗം, എച്ച് ഐ വി ബാധിതരുടെ മക്കൾ, തടവുശിക്ഷ അനുഭവിക്കുന്നവരുടെ മക്കൾ, തീരാരോഗബാധിതരുടെ മക്കൾ, കിടപ്പുരോഗികളുടെ മക്കൾ എന്നിവർക്ക് മുൻഗണന ലഭിക്കും. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ഭവനം സന്ദർശിച്ച് ഗുണഭോക്താവിനെ നിശ്ചയിക്കും. എഡിഎം ആന്റണി സ്‌കറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ആർ.ജനാർദ്ദനൻ റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. ട്രഷറർ കെ.രാജു വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സമിതി വൈസ് പ്രസിഡന്റ് എംഎം മാത്യു സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ.ആർ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ഫോസ്റ്റർ കെയർ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04862200108. എന്ന നമ്പരിൽ ബന്ധപ്പെടുക.