തൊടുപുഴ: ഡാം സുരക്ഷാ ബില്ലിന്റെ ഭാഗമായി ഇന്നലെ ലോക് സഭയിൽ നടന്ന ചർച്ചയിൽ ഇടുക്കി, എറണാകുളം ജില്ലക്കാരുടെ ആശങ്ക വ്യക്തമാക്കി ഡീൻ കുര്യാക്കോസ് എം.പി. മനുഷ്യനിർമിതികൾക്കെല്ലാം ഒരു പരിധിയുണ്ടെന്നും 124 വർഷം മുമ്പ് ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ച് നിർമിച്ച മുല്ലപ്പെരിയാറിനും ഇതു ബാധകമാണെന്നും ഡീൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ പഠന റിപ്പോർട്ടുകൾ നിലവിലുണ്ട്. ഭൂകമ്പ മേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെന്ന് പഠനം നടത്തി ഐഐടി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത് ഡീകമ്മിഷൻ ചെയ്യുന്നതിന് ശുപാർശ ചെയ്തിരുന്നു. സമീപ പ്രദേശത്തുള്ള നാലു ജില്ലകളിലെ ജനങ്ങളും ആശങ്കയിലാണ് കഴിയുന്നത്. അതിനാൽ കൃത്യമായ പഠനം ഈ മേഖലയിലുണ്ടാകണം. 100 വർഷത്തിന് മേൽ പ്രായമുള്ള ഡാമുകളെ സംബന്ധിച്ച് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക പഠനം നടത്തണം. പുതുതായി പാർലമെന്റ് അംഗീകരിക്കുന്ന ബില്ലിൽ ഡാമുകളുടെ ക്ഷമതയും പ്രായവും പരിഗണിച്ച് ജലനിരപ്പ് ക്രമീകരിക്കാൻ കഴിയുന്ന രീതിയിൽ നിയമനിർമ്മാണം നടത്തണം. നിയന്ത്രണം ഡാം സേഫ്‌റ്റി കമ്മിറ്റിക്ക് അധികാരം നൽകുന്ന രീതിയിൽ നിയമം നിർമിക്കണം. കൂടാതെ ഈ നിയമനിർമ്മാണം സംസ്ഥാനങ്ങളെ തങ്ങളുടെ വരുതയിൽ നിറുത്താനുള്ള ഒരു ഉപകരണമായി കേന്ദ്രം ഉപയോഗിക്കരുതെന്നും ഡീൻ പറഞ്ഞു.