ചെറുതോണി: ആറുമാസത്തിലധികമായി മരുന്നും ആഹാരവുമില്ലാതെ കിടന്നിടത്തുതന്നെ മലമൂത്ര വിസർജനം നടത്തി നരകജീവിതം നയിച്ച ഭർത്താവും മൂന്ന് മക്കളുമുള്ള വീട്ടമ്മയ്ക്ക് മോചനം. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ പാംബ്ലയ്ക്കു സമീപം തട്ടേക്കണ്ണിയിൽ പുത്തനാംതടത്തിൽ മേരി ബെന്നിയാണ് (48) ദുരിത ജീവിതം നയിച്ചിരുന്നത്. മകൾ പുറത്ത് പഠിക്കുന്ന മേരിയുടെ ഭർത്താവും രണ്ട് ആൺമക്കളും ചേർന്നാണ് മാനസികാസ്വസ്ഥ്യമുണ്ടെന്ന് ആരോപിച്ച് ഭക്ഷണം പോലും നൽകാതെ വീട്ടമ്മയെ മുറിയ്ക്കുള്ളിൽ അടച്ചത്. മദ്ധ്യവയസ്ക ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ കിടക്കുന്നത് ആദ്യം വാർഡ് മെമ്പർ രാജി ചന്ദ്രന്റെ ശ്രദ്ധയിലാണ് പെട്ടത്. ഇവർ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജനെ വിവരം അറിയിച്ചു. തുടർന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഇവരുടെ വീട്ടിലെത്തി. വസ്ത്രങ്ങൾ മുഷിഞ്ഞും മലമൂത്ര വിസർജനം വസ്ത്രത്തിലും ശരീരത്തിലും പറ്റിപ്പിടിച്ചും ദുർഗന്ധത്തോടെയുള്ള അവസ്ഥയിലായിരുന്നു ഇവർ. ഒരുവശം ചരിഞ്ഞുകിടക്കുന്ന ഇവരുടെ ശരീരം മരവിച്ച് എല്ലും തോലും മാത്രമായിരുന്നു. കുളിക്കാത്തതിനാൽ തലമുടി ജഡ പിടിച്ച അവസ്ഥയിലുമായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് മെഡിക്കൽ സംഘം നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് ആറിന് പൊലീസിന്റെ സഹായത്തോടെ ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. തത്കാലം ഇടുക്കി മെഡിക്കൽ കോളജിൽ തന്നെ ചികിത്സ നൽകും. ആവശ്യമെങ്കിൽ മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുമെന്ന് ഡോക്ടർമാർ പറഞ്ഞു.