തൊടുപുഴ: സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അപകടത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥനെതിരെ നരഹത്യ ചുമത്തിയ നടപടി സ്വാഗതം ചെയ്ത യൂണിയൻ, ഇക്കാര്യത്തിൽ പൊലീസിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നും ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അപകടത്തെ തുടർന്ന് തെറ്റായ മൊഴി നൽകിയതടക്കം ശ്രീറാം വെങ്കിട്ടരാമൻ സ്വീകരിച്ച നടപടികൾ സിവിൽ സർവീസ് സമൂഹത്തിന് അപമാനമാണ്. പൊതുസമൂഹത്തെ ഭയക്കാതെ സാമൂഹിക വിരുദ്ധ നടപടികൾക്ക് മുതിർന്ന ഉദ്യോഗസ്ഥൻ മഹത്വവത്കരണത്തിന് യോഗ്യനല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നീതിക്കൊപ്പം നിൽക്കുകയെന്ന മാദ്ധ്യമ ധർമം കാത്തുസൂക്ഷിക്കുമെന്നും കുറ്റക്കാരനായ ശ്രീറാം വെങ്കിട്ടരാമനെതിരെ അങ്ങേയറ്റം നിലകൊള്ളുമെന്നും നേതാക്കൾ അറിയിച്ചു. ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. സുരേഷ്, എയ്ഞ്ചൽ. എം. ബേബി, ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളി, വിൽസൺ കളരിക്കൽ, സി. സമീർ, ആൽവിൻ തോമസ്, സോജൻ സ്വരാജ്, ജോയി കിഴക്കേൽ, നവീൻ വർഗീസ്, റെയ്സൺ കുര്യാക്കോസ്, സിജോ വർഗീസ്, നിഖിൽ ജോസ് എന്നിവർ സംസാരിച്ചു.