ഇടുക്കി: രണ്ടായ പിളർന്ന കേരളാ കോൺഗ്രസ് എമ്മിലെ ആദ്യ നിയമയുദ്ധത്തിൽ ജോസ് കെ. മാണിക്ക് തിരിച്ചടിയും പി.ജോ. ജോസഫിനും നേട്ടവുമായി. ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാനായി കസേരിയിലുറച്ചിരിക്കും മുമ്പാണ് തിരഞ്ഞെടുപ്പ് താത്കാലികമായി വിലക്കി തൊടുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഇടുക്കി മുൻസിഫ് കോടതിയും വ്യക്തമായതോടെ ജോസ്. കെ. മാണി പക്ഷത്തിന് കനത്ത തിരിച്ചടിയായി മാറി. ചെയർമാനായുള്ള അധികാരങ്ങൾക്കെല്ലാം വിലക്ക് ബാധകമാണ്. ഇതോടെ കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം ജോസഫ് വിഭാഗം തീർത്തു. കേസിൽ ജോസ് വിഭാഗം അപ്പീൽ നൽകും. ജൂൺ 16ന് നടന്ന സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയതും തിരഞ്ഞെടുപ്പ് നടന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി ജോസഫ് വിഭാഗം നേതാക്കളായ മനോഹർ നടുവിലേടത്തും ഫിലിപ്പ് ചേരിയിലും 17നാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പാർട്ടി ഭരണഘടനയ്ക്ക് എതിരായതിനാൽ തിരഞ്ഞെടുപ്പും കമ്മിറ്റിയിലെ മറ്റ് തീരുമാനങ്ങളും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കേസിൽ തീരുമാനമാകുംവരെ ജോസ് കെ. മാണി ചെയർമാനായി പ്രവർത്തിക്കുന്നതും അധികാരമുപയോഗിക്കുന്നതും വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരോധന ഹർജിയും ഇതോടൊപ്പം നൽകി. തുടർന്ന് തൊടുപുഴ മുൻസിഫ് കോടതി തിരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കുകയും ജോസ് കെ. മാണി ചെയർമാനായി തുടരുന്നത് വിലക്കുകയും ചെയ്തു. തുടർന്ന് തിരഞ്ഞെടുപ്പ് ഭരണഘടനയ്ക്ക് വിധേയമായിരുന്നെന്ന് കാട്ടി ജോസ് കെ. മാണി എതിർ സത്യവാങ്മൂലവും വേഗം തീർപ്പാക്കൽ ഹർജിയും നൽകി. ഇതിനിടെ തൊടുപുഴ മജിസ്‌ട്രേറ്റ് കേസിൽ നിന്ന് പിൻമാറി. അതോടെ കേസ് ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി. ജൂലായ് 25ന് കേസിന്റെ വാദം പൂർത്തിയായി. പ്രതികളായ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ജോസ് കെ. മാണി, കെ.ഐ. ആന്റണി, ജോയി എബ്രഹാം എന്നിവരുടെ ഭാഗം കോടതി കേട്ടു. വാദികളുടെ മറുപടിയും കേട്ടു. തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിന്റെ വാദം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പലർക്കും രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയിട്ടില്ലെന്നും മീറ്റിംഗിൽ പങ്കെടുക്കാത്തവരുടെ ഒപ്പുപോലും മിനിട്‌സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വാദികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. എന്നാൽ ജോസ് കെ.മാണി വിഭാഗം ഇതിനെ എതിർത്തു. വാദികളായ മനോഹർ നടുവിലേടത്ത്, ഫിലിപ്പ് ചേരിയിൽ എന്നിവർക്ക് വേണ്ടി അഭിഭാഷകരായ പീറ്റർ വി. ജോസഫ്, പി.വി.കൃഷ്ണൻ എന്നിവർ ഹാജരായി. കേരള കോൺഗ്രസിനും പി.ജെ. ജോസഫിനും വേണ്ടി അഡ്വ. ശ്രീകുമാർ ജി. ചെല്ലൂർ, അഡ്വ. ജോസി ജേക്കബ് എന്നിവരും ഹാജരായി.
വാദത്തിനിടെ എസ്.എം.എസ് റസീപ്‌റ്റും
സംസ്ഥാന കമ്മിറ്റി അംഗങ്ങളെ കമ്മിറ്റി വിവരം അറിയിച്ചെന്ന് തെളിയിക്കുന്നതിനായി ജോസ് കെ.മാണി വിഭാഗം എസ്.എം.എസ് റസീപ്‌റ്റും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ റസീപ്‌റ്റിൽ തീയതി മാറിയിട്ടുണ്ടെന്നും ഇത് വ്യാജമാണെന്നും വാദിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചു.