high-court-rajkumar-custo

രാജാക്കാട്: പൊലീസ് സ്റ്റേഷനിൽ ക്രൂരകസ്റ്റഡി മർദ്ദനത്തിനിരയായി പീരുമേട് സബ്‌ജയിലിൽ റിമാൻഡിലിരിക്കെ രാജ്കുമാർ മരിച്ച കേസിൽ മുൻ ജില്ലാ പൊലീസ് മേധാവി, മുൻ കട്ടപ്പന ഡിവൈ.എസ്.പി എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചന. ജൂൺ 12 മുതൽ 16 വരെ രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിൽ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ചത് മുൻ എസ്.പിയുടെ അറിവോടെയാണെന്നാണ് എസ്.ഐയടക്കം അറസ്റ്റിലായവർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

കസ്റ്റഡിയിലിരിക്കെ രാജ്കുമാറിന്റെ ചിത്രവും അനുബന്ധ വിവരങ്ങളും വാട്‌സ്ആപ്പിൽ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയുണ്ട്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച് സംഘം ക്രൈംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായാണ് വിവരം. രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച ദിവസങ്ങളിൽ മറ്റ് സ്റ്റേഷനിലെയും എ.ആർ ക്യാമ്പിലെയും ഉദ്യോഗസ്ഥർ നെടുങ്കണ്ടം സ്റ്റേഷനിൽ എത്തിയെന്ന ആരോപണവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ഇതുവരെ അറസ്റ്റിലായിട്ടുള്ള ഏഴ് പേരുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതിയുടെയും സെഷൻസ് കോടതികളുടെയും പരിഗണനയിലാണ്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്.

റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് 10 ദിവസത്തിനകം

രാജ്കുമാറിന്റെ റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് 10 ദിവസത്തിനകം ലഭിക്കുമെന്ന് ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് കേരളകൗമുദിയോട് പറഞ്ഞു. മൂന്ന് പൊലീസ് സർജന്മാരും റിപ്പോർട്ട് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വിപുലമായി അന്വേഷണം ആരംഭിക്കും. റീപോസ്റ്റ്മോർട്ടം ചെയ്യാൻ കമ്മിഷന് അധികാരമില്ലെന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ജു‌ഡിഷ്യൽ കമ്മിഷൻ 5എ പ്രകാരം കമ്മിഷന് അതിന് അധികാരമുണ്ട്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് കമ്മിഷൻ റീ പോസ്റ്റ്മോർട്ടം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങൾക്കും വിവരം നൽകാം

രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ ജുഡിഷ്യൽ കമ്മിഷനോട് പറയാമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. ഇക്കാര്യമറിയിച്ച് രണ്ട് ദിവസത്തിനകം പത്രങ്ങളിൽ പരസ്യം നൽകും. ഇത് അന്വേഷണത്തെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.