രാജാക്കാട്: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ടമായി നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടീൽ കർമ്മം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ഏഴ് നിർദ്ധന കുടുംബംങ്ങൾക്കാണ് രണ്ടാം ഘട്ടത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്. അരിവിളംചാൽ കവാട്ടുകന്നേൽ വിജി ബിജു, കലുങ്കുസിറ്റി ചിമ്മിനിക്കാട്ട് ബിജു, മുല്ലക്കാനം പരയ്ക്കാട്ട് സോജി, പന്നിയാർകൂട്ടി പുഞ്ചക്കന്നേൽ കമല, ബൈസൺവാലി സ്വദേശി സോമനാഥൻ എന്നിവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരിക്കുന്നത്. ആദ്യം നിർമ്മിക്കുന്ന മുല്ലക്കാനം പരയ്ക്കാട്ട് സോജിയുടെ വീടിന്റെ തറക്കല്ലിടീൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, ഹെൽപ്പിംഗ് ഹാൻഡ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രൊഫ.എം. കെ ലൂക്കാ എന്നിവർ ചേർന്ന് ഇന്ന് രാവിലെ 7.30 ന് നിർവ്വഹിക്കും. ക്ലബ്ബ് പ്രസിഡന്റ് ബേബി മാത്യു അദ്ധ്യക്ഷത വഹിക്കും. സോൺ ചെയർമാൻ ഷൈനു സകേഷ്, പഞ്ചായത്ത് മെമ്പർ ബെന്നി പാലക്കാട്ട്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി. കെ മാത്യു എന്നിവർ പ്രസംഗിക്കും. ക്ലബ്ബ് സെക്രട്ടറി കെ. പി ജെയിൻ സ്വാഗതവും ട്രഷറർ കെ.ഡി. അനിൽകുമാർ നന്ദിയും പറയും.