ksrtc-stand

സ്റ്റാന്റ് ഒഴിപ്പിക്കുന്നതിന് നഗരസഭാ തീരുമാനം ഉടൻ

തൊടുപുഴ: ലോറി സ്റ്റാൻഡിൽ താത്കാലികമായി പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഒഴിപ്പിക്കാനൊരുങ്ങി തൊടുപുഴ നഗരസഭ. സ്ഥലം കെ.എസ്.ആർ.ടി.സി ഉടൻതന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച നടക്കുന്ന നഗരസഭാ കൗൺസിലിൽ തന്നെ പ്രമേയം പാസാക്കാനാണ് തീരുമാനം. പുതിയ കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണത്തോടനുബന്ധിച്ചാണ്ഏഴ്വർഷം മുമ്പ് ലോറി സ്റ്റാൻഡിലേക്ക് താത്കാലികമായി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് മാറ്റുന്നത്. മൂന്ന് വർഷത്തിനകം പുതിയ ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കി ഇവിടേക്ക് മാറുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നിർമാണം ഏകദേശം പൂർത്തിയായിട്ടും പുതിയ ടെർമിനലിലേക്ക് മാറാൻ കെ.എസ്.ആർ.ടി.സി തയ്യാറായില്ല. ഓരോ വർഷവും കെ.എസ്.ആർ.ടി.സിക്ക് നഗരസഭ താത്കാലികമായി സ്റ്റാൻഡ് പ്രവർത്തിക്കാൻ അനുമതിയും നൽകിപ്പോന്നു. മൂന്ന് വർഷത്തേക്ക് നൽകിയ സ്ഥലം ഏഴ് വർഷമായിട്ടും മാറാതായതോടെയാണ് നഗരസഭ ഇടപെടാൻ തീരുമാനിച്ചത്. ലോറി സ്റ്റാൻഡ് ഒഴിയണമെന്ന് നഗരസഭ ആവശ്യപ്പെട്ടാൽ പുതിയ കെട്ടിടത്തിലേക്ക് ഡിപ്പോ മാറ്റാൻ കെ.എസ്.ആർ.ടി.സി നിർബന്ധിതമാകും. ഇതോടെ വളരെനാളായുള്ള തൊടുപുഴക്കാരുടെ കാത്തിരിപ്പിന് വിരാമമാകുമെന്ന് പ്രതീക്ഷിക്കാം.

കരാർ 3 വർഷം, 7 ആയിട്ടും ഒഴിയുന്നില്ല

കെ.എസ്.ആ.ർടി.സി നഗരസഭയുമായുണ്ടാക്കിയ കരാർ പ്രകാരം 2015 ഒക്ടോബർ 11നകം പുതിയ ഡിപ്പോയിലേക്ക് മാറുമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. ഡിപ്പോ നിർമാണം പൂർത്തിയായി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ദിവസം മുതലോ 2015 ഒക്ടോബർ 11നോ ലോറി സ്റ്റാൻഡ് ഒഴിഞ്ഞു കൊടുക്കാമെന്നാണ് ഇവർ ഉറപ്പു കൊടുത്തിരുന്നത്. എന്നാൽ ഏഴ് വർഷമായിട്ടും സ്റ്റാൻഡ് മാറാൻ കെ.എസ്.ആർ.ടി.സി കൂട്ടാക്കുന്നില്ല.

പണിതിട്ടും പണിതീരാതെ ടെർമിനൽ

14 കോടി രൂപ മുടക്കുള്ള പുതിയ ഡിപ്പോയുടെ കെട്ടിട നിർമാണം പൂർത്തിയായിട്ട് വർഷങ്ങളായി. ഇനി മലിനജലം സംസ്‌കരിക്കാനുള്ള പ്ലാന്റ്, ഓഫീസ് സംവിധാനം തുടങ്ങിയ പണികളാണ് തീർക്കാൻ ഉള്ളത്. ഇതിന് ഏകദേശം അമ്പത് ലക്ഷം രൂപയോളം വേണമെന്നാണ് പറയുന്നത്. ഫണ്ടില്ലാത്തതാണ് നിർമാണം അനന്തമായി നീളാൻ കാരണം. പുതിയ ടെർമിനലിൽ ഡീസൽ പമ്പ് പ്രവർത്തിക്കുന്നുണ്ട്. രാത്രി ബസുകൾ കയറ്റി ഇടുന്നതും ഇവിടെയാണ്. തൊടുപുഴ ടെർമിനൽ നിർമാണം ആരംഭിച്ച് ഒരു വർഷത്തിനു ശേഷം പണി തുടങ്ങിയ മൂവാറ്റുപുഴ ഡിപ്പോ ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ചു.

ചെളി സ്റ്റാൻഡിൽ വീർപ്പുമുട്ടി
ഇപ്പോൾ ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഒരു അടിസ്ഥാന സൗകര്യവുമില്ലാത്ത ഡിപ്പോയിൽ വീർപ്പുമുട്ടിയാണ് ജീവനക്കാരും യാത്രക്കാരും കഴിയുന്നത്. മഴ പെയ്താൽ സ്റ്റാൻഡിനുള്ളിലേക്ക് കയറാനാകാത്ത സ്ഥിതിയാണ്. മുഴുവൻ ചെളികൊണ്ട് നിറയും. വെയിലുവന്നാൽ മുഴുവൻ പൊടികൊണ്ട് നിറയും. രാത്രി സമയങ്ങളിൽ സ്ത്രീകളടക്കമുള്ളവർ റോഡരികിൽ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. ഈ ചീഞ്ഞ ഡിപ്പോ കാരണം അന്യനാട്ടുകാരുടെ മുന്നിൽ തൊടുപുഴക്കാർ നാണംകെടും. മറ്റ് ജില്ലക്കാർ ഈ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ അവസ്ഥ കണ്ട് മൂക്കത്ത് വിരൽവയ്ക്കും. വളരെ നാളായി പുതിയ കെട്ടിടത്തിലേക്ക് ഡിപ്പോ മാറ്റണമെന്ന് ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു. സ്റ്റേഷൻ മാസ്റ്റർ ഓഫീസും സർവീസുകളുടെ ഓപ്പറേഷൻ വിഭാഗവും പുതിയ ഡിപ്പോയിലേക്ക് മാറ്റി ഇപ്പോഴത്തെ ദുരിതത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

'' 2015 വരെയാണ് ലോറി സ്റ്റാൻഡ് കെ.എസ്.ആർ.ടി.സിയ്ക്ക് നഗരസഭ നൽകിയിരുന്നത്. പിന്നീടുള്ള ഓരോ വർഷവും കരാ‌ർ പുതുക്കി വരികയായിരുന്നു. ഇനി കരാർ പുതുക്കി നൽകില്ല. സ്ഥലം ഒഴിവായി നൽകണമെന്ന് ആവശ്യപ്പെട്ട് അടുത്ത നഗരസഭാ കൗൺസിലിൽ പ്രമേയം പാസാക്കും.""

-ജെസി ആന്റണി

(തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ)