ഇടുക്കി : സംസ്ഥാനത്ത് പ്രളയസെസ് ഈടാക്കി തുടങ്ങിയതോടെ ഹൈറേഞ്ചിലെ വ്യാപാരങ്ങൾ അതിർത്തി പട്ടണങ്ങളിൽ നിന്നും തമിഴ്നാട്ടിലേക്ക് മാറാൻ സാദ്ധ്യതയുണ്ടെന്നും ഇത് ഹൈറേഞ്ചിന്റെ നടുവൊടിക്കുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. പ്രളയദുരന്തങ്ങളിൽ സമ്പദ്കാർഷികമേഖലകൾ തകർന്നിരിക്കുന്ന ഇടുക്കി ജില്ലയിലെ ജനങ്ങളുടെമേൽ പ്രളയ സെസ് ഇടിത്തീയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിൽപ്പെട്ട വ്യാപാരസമൂഹത്തെ സഹായിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പായില്ല. പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ഉപാധികളില്ലാതെ നൽകുമെന്ന സർക്കാർ വാഗ്ദാനം ഒരാൾക്ക്‌പോലും ജില്ലയിൽ ലഭിച്ചിട്ടില്ല. ഉൽപ്പന്നങ്ങളുടെ എം.ആർ.പി.യിൽ വർദ്ധനവുണ്ടാവാത്തത് കാരണം പ്രളയസെസ് വ്യാപാരികൾക്ക് അധിക ബാദ്ധ്യതയാവും. ആവശ്യമായ ഉൽപ്പന്നത്തിന്റെ പ്രളയസെസ് പെയ്‌മെന്റ് വൈകിയാൽ 18 ശതമാനം നിരക്കിൽ പലിശ വ്യാപാരി നൽകേണ്ടി വരുമെന്നതും കച്ചവടക്കാർക്ക് തിരിച്ചടിയാണ്.
തമിഴ്നാട്ടിലെബോഡിനയകനുർ, കമ്പം,തേനി, മധുര തുടങ്ങിയ പട്ടണങ്ങൾ ഇടുക്കി ജില്ലയോട്‌ചേർന്നു കിടക്കുന്നതിനാൽ പ്രളയസെസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ജനങ്ങൾ ക്രമേണ ആകൃഷ്ടരാവും. ജില്ലയാകെ ബാധിക്കുന്ന പ്രളയസെസ് ഏറ്റവും കൂടുതൽ പ്രളയദുരന്തമുണ്ടായ സ്ഥലമെന്നത് പരിഗണിച്ച് ജില്ലയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.