രാജാക്കാട്:ഖാദി ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും ലക്ഷ്യമിട്ട് മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതോടെ ഇവിടം സാമൂ്യവിരുദ്ധരുടെ താവളമായി..ലക്ഷങ്ങൾ മുടക്കി രണ്ട് തവണ ഉദ്ഘാടനം നടത്തിയ മമ്മട്ടിക്കാനത്തെ ഖാദി ഗ്രാമ വ്യവസായ ബോർഡ് യൂണിറ്റിന്റെ പ്രവർത്തനമാണ് മൂന്ന് വർഷം മുമ്പ് നിലച്ചത്. ഖാദി ഉൽപ്പന്നങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നതിനും തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ഖാദി കൈത്തറി ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുമായി 1984 ൽ ആണ് മമ്മട്ടിക്കാനം കുരിശുംപടിക്ക് സമീപം യൂണിറ്റ് ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ രണ്ട് കെട്ടിടങ്ങളിലായി നൂൽ നൂൽക്കൽ, തേനീച്ച വളർത്തൽ എന്നിവയിൽ പരിശീലനവും, കൈത്തറി ഉൽപ്പങ്ങളുടെ നിർമ്മാണവുമായിരുന്നു നടത്തിയിരുന്നത്. പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധിപ്പേർക്ക് പ്രത്യക്ഷമായി ജോലി നൽകുകയായിരുന്നു പദ്ധതി ലക്ഷ്യം വച്ചിരുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം പദ്ധതി അവതാളത്തിലാകുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. വരുമാനമില്ലാതായതോടെ തൊഴിലാളികൾ മറ്റ് മേഖലകൾ തേടി പോയി. പിന്നീട് വർഷങ്ങളോളം അടഞ്ഞ് കിടന്ന സ്ഥാപനം സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. നാട്ടുകാരുടെ നിരന്തരാവശ്യത്തത്തെ തുടർന്ന് 2014 ൽ നവീകരിക്കുകയും, പുതിയ യന്ത്രസാമഗ്രികൾ എത്തിച്ച് നൂൽ നൂൽക്കൽ അടക്കമുള്ളവ പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ ഏറെ വൈകാതെ തന്നെ നഷ്ടത്തിന്റെ പേരുപറഞ്ഞ് അടച്ചുപൂട്ടി.ലക്ഷങ്ങൾ മുടക്കുള്ള യന്ത്ര സാമഗ്രികൾ പാഴായിക്കിടന്ന് നശിക്കുകയുമാണ്. രാത്രികാലങ്ങളിൽ ഇവിടെ അനാശാസ്യ പ്രവർത്തനങ്ങളും മദ്യപാനവും, കഞ്ചാവ് കച്ചവടം ഉൾപ്പെടെയുള്ളവയും നടക്കുന്നതായി പരാതിയുണ്ട്.
സംരഭം തുടങ്ങും, പ്രോത്സാഹനമില്ല
നാട്ടിൻപുറങ്ങളിൽ ഖാദി യൂണിറ്റുകൾ തുടങ്ങുന്നത് ഒരുകാലത്ത് സർവ്വസാധാരണ.മായിരുന്നു. ഖാദിബോഡിന്റെ ധനസഹായത്തോടെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതും എൺപതുകളിൽ ഏറെ പ്രോൽസാഹനം നൽകിയിരുന്നു. എന്നാൽ ഖാദി ഉത്പ്പന്നങ്ങൾക്ക് വേണ്ട വിപണന സാദ്ധ്യതകൾ ലഭ്യമാക്കുന്നതിന് അധികൃതർക്കായില്ല. ഇതോടെ ബോർഡ് നേരിട്ടു നടത്തുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. സ്വയംസംരംഭകർ ലോണടയ്ക്കുന്നതിന്പോലും ബുദ്ധിമുട്ടി. അവർ മറ്റ് തൊഴിലുകൾ തേടിപ്പോയി. മാറുന്ന കാലത്തിന്റെ അഭിരുചികൾ തിരിച്ചറിഞ്ഞ് വൈവിദ്ധ്യവത്ക്കരണം ഉൾപ്പെടെയുള്ളവ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതാണ് ഈ മേഖലയിലുണ്ടായ തളർച്ചയ്ക്ക് കാരണം.