രാജാക്കാട് : കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ തൽസ്ഥാനം രാജിവച്ചു. കോൺഗ്രസ്സ് അംഗമാണ് ഇദ്ദേഹം. യു.ഡി.എഫ് ഭരിയ്ക്കുന്ന പഞ്ചായത്തിലെ ഭരണകഷി അംഗങ്ങൾ ജൂൺ ആറിന് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പാർട്ടി തീരുമാനപ്രകാരം അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിന്നു. അസുഖം മൂലം ദീർഘകാലമായി വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ശിവപ്രസാദിന് പ്രസിഡന്റിന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ഭരണകഷി അംഗങ്ങൾ തന്നെ ഇദ്ദേഹം രാജിവച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്ന് മേയ് മാസത്തിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗം പ്രശ്നം ചർച്ച ചെയ്യുകയും, ഇദ്ദേഹത്തോട് രാജി വയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അംഗീകരിച്ചെങ്കിലും രാജിവയ്ക്കാതിരുന്നതിനെ തുടർന്നായിരുന്നു പത്ത് അംഗങ്ങൾ ചേർന്ന് ജൂൺ 6 ന് അവിശ്വാസ നോട്ടീസ് നൽകിയത്. പ്രശ്നം പരിഹരിക്കുന്നതിനായി യു.ഡി.എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ ജൂലയ് അവസാനം പദവി ഒഴിയണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇദ്ദേഹം ഇത് അംഗീകരിച്ചതിനെ തുടർന്ന് ജൂണ് 22 ന് നടന്ന അവിശ്വാസ പ്രമേയ ചർച്ച്ചയിൽ നിന്നും നോട്ടീസ് നൽകിയവർ വിട്ടുനിൽക്കുകയും ചെയ്തു. ഇതുമൂലം ക്വാറം തികയാതെ വന്നതിനാൽ അവിശ്വാസം ചർച്ചയ്‌ക്കെടുത്തില്ല. അന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ശിവപ്രസാദ് ഇപ്പോൾ പ്രസിഡന്റ് പദം രാജിവച്ചിരിക്കുന്നത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പാർലമെന്ററി പാർട്ടി യോഗം ഉടൻ ചേരാനാണ് നേതൃത്വത്തിന്റെ തീരുമാനം. 17 വാർഡുകളുള്ള പഞ്ചായത്തിൽ യു. ഡി. എഫിന് 12 ഉംഎൽ. ഡി. എഫിന് 5 ഉം അംഗങ്ങളാണുള്ളത്.