വണ്ണപ്പുറം: വണ്ണപ്പുറം മൃഗാശുപത്രിയിൽ സ്ഥിരമായി ഡോക്ടർ ഇല്ലാതായതോടെ പ്രദേശത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. അസുഖബാധിതരായ വളർത്തുമൃഗങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടറില്ലെന്ന കാരണത്താൽ മടക്കിവിടുന്നത് നിത്യസംഭവമാണ്. കിലോമീറ്റർ അകലെയുള്ള കോടിക്കുളം, പോത്താനിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സ തേടേണ്ട അവസ്ഥയാണിപ്പോൾ. ഈ ആശുപത്രികൾക്ക് സ്വന്തമായി ഡോക്ടറടക്കം നാല് ജീവനക്കാരുണ്ട്. മിക്ക ദിവസങ്ങളിലും ആശുപത്രി പ്രവർത്തിക്കാറില്ല. തുറന്നാൽ ഉച്ചയ്ക്ക് മുന്നേ അടച്ച് എല്ലാവരും പോകും. അമ്പലപ്പടി സ്വദേശിയായ തെങ്ങുംതോട്ടം ജോർജ്ജിന്റെ പശുവിന് കാലിൽ വ്രണമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ വിവരം പറയാൻ ചെന്നപ്പോൾ ചീട്ട് എടുക്കാനും ഡോക്ടർ ഇല്ലാത്തതിനാൽ വീട്ടിൽ വന്ന് നോക്കിക്കൊള്ളാമെന്നും പറഞ്ഞു. പിന്നീട് പശുകിടാവ് കുഴഞ്ഞ് വീണു. ഇക്കാര്യം പറയാൻ ചെന്നപ്പോൾ നിലവിലുള്ള ജീവനക്കാർ ആശുപത്രി പൂട്ടി വീട്ടിൽ പോയിരുന്നു.