ചെറുതോണി: പ്രളയം തകർത്ത ചെറുതോണിയെ പുനർനിർമ്മിക്കുന്നതിൽ കടുത്ത അവഗണന. പേമാരിയിൽ ഇടുക്കി അണക്കെട്ട് നിറഞ്ഞതോടെ വെള്ളം തുറന്ന് വിട്ടപ്പോൾ നഷ്ടമായത് ചെറുതോണി ടൗണിന്റെ ജീവൻ കൂടിയായിരുന്നു. ചെറുതോണി ബസ് സ്റ്റാന്റ്, പേ ആന്റ് പാർക്ക്, ചെറുതോണി- ആലിൻചുവട് റോഡ് എന്നിവ പൂർണമായും ഇല്ലാതായി. മുപ്പതോളം വ്യാപാരശാലകളും കെട്ടിടവും സാധനങ്ങളും ഇരുപതോളം കടകൾ ഭാഗികമായും നശിച്ചു. ചെറുതോണിയെ പ്രളയം എടുത്തപ്പോൾ അത് കേരളത്തിൽ വരാൻപോകുന്ന വലിയ ആഘാതങ്ങളുടെ തുടമായിരുന്നുവെന്ന് അന്ന് ആരും കരുതിയില്ല.ടൗണിൽ കംഫർട്ട്സ്‌റ്റേഷൻ, പാർക്കിംഗ് സംവിധാനം എന്നിവ പൂർണായും നഷ്ടപ്പെടുകയും ബസുകൾ നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനും സൗകര്യമില്ലാതായതോടെ ചെറുതോണിയിലെ വ്യപാരം കുത്തനെ കുറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് ഒൻപതിനാണ് അണക്കെട്ട് ആദ്യമായി തുറന്നുവിട്ടത്. ആദ്യ ദിവസങ്ങളിൽ 50 ക്യൂമക്സ് വെള്ളം വീതമാണ് തുറന്നു വിട്ടിരുന്നത്. പിന്നീട് മഴ കനക്കുകയും അണക്കെട്ടിലെ വെള്ളം ക്രമാതീതമായി ഉയരുകയും ചെയ്തതിനെ തുടർന്ന് അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളം പരമാവധി ഉയർത്തി തുറന്നു വിട്ടതിനെ തുടർന്നാണ് ബസ്റ്റാന്റും വ്യാപാര ശാലകളും പാർക്കിംഗ് ഏരിയായും ഒലിച്ചുപോയത്. ടൗണിൽ വടം കെട്ടി നിയന്ത്രണവും പട്ടാളവും പൊലീസും ഏറ്റെടുക്കുകയായിരുന്നു. പ്രവർത്തിച്ചിരുന്ന വ്യാപാര ശാലകളിൽനിന്ന് വേണ്ടത്ര സമയംനൽകാതെ ആളുകെള ഇറക്കിവിട്ടതിനുശേഷം അടപ്പിക്കുകയായിരുന്നു. ആരുടെയും സാധനങ്ങൾ പോലും എടുക്കാൻ അനുവദിച്ചില്ല. ഇതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കും സമീപവാസികൾക്കും ഉണ്ടായത്. . അണക്കെട്ടിൽ രണ്ടുമൂന്നു ദിവസം കൊണ്ട് നിയന്ത്രിക്കുവാനാവത്തവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അഞ്ചു ഷട്ടറുകളും തുറന്നത്. ഒരാഴ്ച മുമ്പ് നേരിയതോതിൽ വെള്ളം തുറന്നു വിട്ടിരുന്നുവെങ്കിൽ ഇത്രയധികം അപകടവും നാശനഷ്ടവും ഉണ്ടാവുകയില്ലായിരുന്നു. ചെറുതോണി പാലത്തിന്സമീപം റോഡ് മുറിഞ്ഞ് ഒലിച്ചുപോകുകയും ചെറുതോണി-ആലിൻചുവട് റോഡ് പൂർണമായും ഒലിച്ചുപോവുകയു ചെയ്തതിനെ തുടർന്ന് ചെറുതോണിയിൽ നിന്നുള്ള ഗതാഗതം രണ്ടു മാസത്തോളം നിലച്ചു.
പ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും യാതൊരു പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. ചെറുതോണി ആലിൻചുവട് റോഡിന്റെ ഒരു വശം കോൺക്രീറ്റ് വാൾ നിർമിക്കുക മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് കേടുപാടുകൾ പറ്റിയില്ലങ്കിലും അപകടസ്ഥിതി നിലനിൽക്കുന്നുണ്ട്. പുതിയ പാലം നിർമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഇതുവരെയും ഒരു നടപടിയുമെടുത്തിട്ടില്ല. പാലത്തിന്റെ ഇരുകരകളും പൂർണമായും ഒലിച്ചു പോയതിനാൽ അപകടസ്ഥിതി നിലനിൽക്കുകയാണ്. ഇവിടെ മണ്ണിട്ടു നികത്തുന്നതിനോ, ബസ്റ്റാന്റിന് സമീപമുള്ള സ്ഥലവും പാർക്കിംഗിനായി സൗകര്യപ്പെടുത്താനോ ജില്ലാ ഭരണകൂടം അനുമതി നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്കുകാരണം. ടൗണിലെ പൊതു ശൗചാലയം നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്രക്കാരും ടൗണിലെത്തുന്നവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. പ്രതിഷേധ മുയർന്നതിനെ തുടർന്ന് പഞ്ചായത്ത് താൽകാലിക കംഫർട്ട് സ്‌റ്റേഷൻ നിർമാണമാരംഭിച്ചപ്പോഴും റവന്യൂ വകുപ്പ് തടസവുമായി വന്നിരുന്നു. എന്നാൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും എതിർപ്പിനെ തുടർന്ന് പിൻമാറുകയായിരുന്നു. നിർമാണ നിരോധിത മേഖലയാണെന്ന പേരിലാണ് ഭരണകൂടം തടസം നിൽക്കുന്നത്. എന്നാൽ ആറിന്റെ ഒരു സൈഡ് നിർമിക്കുന്നതിന് അനുവാദം നൽകുകയും മറുസൈഡിന്റെ നിർമാണം തടയുകയും ചെയ്യുന്നതിൽ ദുരൂഹതയുണ്ടന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ലാസ്ഥാനത്തെ പ്രധാന ടൗണായ ചെറുതോണിയിൽ ബസ്റ്റാന്റും പാർക്കിംഗ് ഏരിയയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും കടകൾ നഷ്ടപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കുയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.