റോഡിന്റെ പുനർ നിർമ്മാണ.വുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി

രാജാക്കാട് : കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയിൽ ഉണ്ടായ മലയിടിച്ചിലിന് കാരണം അനിയന്ത്രിതവും അനുവദനീയമല്ലാത്ത രീതിയിലുള്ളതുമായ പാറ ഖനനമെന്ന് ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട്. സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു ഏജൻസി മുഖാന്തിരം പഠനം നടത്തിയ ശേഷം പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലും അപകട രഹിതമായും പ്രകൃതിയ്ക്ക് ഇണങ്ങുന്ന രീതിയിലും റോഡിന്റെ തുടർ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതാണ് ഉചിതമെന്നും സബ് കളക്ടർ ഡോ. രേണു രാജ് കഴിഞ്ഞ ദിവസം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസം 28 ന് പുലർച്ചെ നാലോടെയായിരുന്നു ഗ്യാപ്പ് ഭാഗത്ത് ദേശീയ പാതയിലേയ്ക്കും ഗ്യാപ്പ് കിളവിപ്പാറ പഞ്ചായത്ത് റോഡിലേയ്ക്കും മണ്ണും പാറയും ഉൾപ്പെടെ ഇടിഞ്ഞുവീണ് ഗതാഗതം നിലച്ചത്. സംഭവത്തെത്തുടർന്ന് ഒരു പെട്ടിക്കട തകരുകയും മേഞ്ഞുമടന്നിരുന്ന പോത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് 200 മീറ്റർ താഴ്ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്. തടസ്സങ്ങൾ നീക്കി ഗതാഗതം പുനരാരംഭിക്കാൻ കരാറുകാർ തീവ്ര ശ്രമം നടത്തിക്കൊണ്ടിരികയാണ്.

കരാറെടുത്ത കമ്പനി അശാസ്ത്രീയമായ രീതിയിൽ പാറ ഖനനം നടത്തിയെന്നും ഇതിനായി അപകടമുളവാക്കുന്ന രീതിയിൽ സ്‌ഫോടനങ്ങൾ നടത്തിയതാണ് മലയിടിച്ചിലിന് കാരണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരുന്ന ഉടുമ്പൻചോല തഹസീൽദാർ സബ്കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പാറ പൊട്ടിച്ചതും വൻതോതിൽ മണ്ണ് നീക്കം ചെയ്തതും മൂലം കുത്തനെ തൂക്കായ വലിയ തിട്ടകൾ രൂപപ്പെട്ടെന്നു, പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നവിധത്തിൽ ഒരേ സമയം പല സ്‌ഫോടനങ്ങൾ നടത്തിയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ. ഇവയുടെ അടിസ്ഥാനത്തിലാണ് സബ്കളക്ടറുടെ റിപ്പോർ നൽകിയത്..

റിപ്പോർട്ടിൽ പറയുന്നത്

ഗ്യാപ്പ് ഭാഗത്ത് തൂക്കായ ചില മലകളുടെ പാതിയോ അതിലധികമോ അരിഞ്ഞ് മാറ്റിയിട്ടുണ്ട്. ഇവിടങ്ങൾക്കിൽ മലയ്ക്ക് സ്ഥിരത കിട്ടുവാൻ റിട്ടെയ്‌നിംഗ് വാളോ, മറ്റ് ശാസ്ത്രീയ പരിഹാരമൊ കണ്ടെത്തേണ്ടതുണ്ട്. മണ്ണിടിഞ്ഞ ഭാഗത്തെ റോഡിന് ക്ഷതം സംഭവിച്ചിട്ടുള്ളതിനാൽ ആയതിന്റെ ബലം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും മലയിടിയാൻ സാദ്ധ്യതയുണ്ടെന്നും ഇക്കാരണങ്ങളാൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ ജോലികളിൽ അടിയന്തിരമായി ഇടപെടണം.