തൊടുപുഴ: നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് പൊലീസ് കുറ്റപത്രം സമർപ്പിക്കും. ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് ഒരു കുഴിയിൽ കുഴിച്ചുമൂടിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെയും പരിശോധന റിപ്പോർട്ടുകളുടെയും പിൻബലത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെയാണ് അടിച്ചും കുത്തിയും കൊലപ്പെടുത്തി ഇവരുടെ വീടിനു സമീപം കുഴിച്ചുമൂടിയത്. കഴിഞ്ഞ വർഷം ജൂലായ് 29നായിരുന്നു സംഭവം. രണ്ട് ദിവസത്തിന് ശേഷം 2018 ആഗസ്റ്റ് ഒന്നിനാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിലെ ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വീട്ടിൽ ചോരപ്പാടുകളും വീടിനു സമീപം മണ്ണിളകിക്കിടക്കുന്നതും കണ്ടു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മണ്ണ് നീക്കി പരിശോധന നടത്തിയപ്പോഴാണ് ഒന്നിനു മീതെ ഒന്നായി അടുക്കിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ പരിശോധനകളും സാഹചര്യതെളിവുകളും ഉപയോഗിച്ചാണ് കോളിളക്കം സൃഷ്ടിച്ച കേസ് അന്വേഷണ
സംഘം തെളിയിച്ചത്. കൊലപാതകത്തിൽ നാലു പ്രതികളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, ഇയാളുടെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലി ഭവനിൽ ലിബീഷ് ബാബു എന്നിവരാണ് പ്രധാന പ്രതികൾ. കൊലപാതകത്തിനും മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനുമായി കൈയുറ വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മോഷ്ടിച്ച സ്വർണം പണയം വയ്ക്കാൻ സഹായിച്ച മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരും കേസിൽ പ്രതികളാണ്. കൃഷ്ണന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അനീഷും ലിബീഷ് ബാബുവും കൊലപാതകം നടത്തിയെന്നാണ് കേസ്. ആദ്യഘട്ടത്തിൽ മന്ത്രവാദത്തിന്റെ ഭാഗമായുള്ള കൂട്ടക്കൊലയെന്ന രീതിയിലാണ് പൊലീസ് കേസ് അന്വേഷിച്ചതെങ്കിലും പിന്നീടുള്ള അന്വേഷണത്തിൽ ഇതു തള്ളിക്കളഞ്ഞ് പ്രതികളുടെ ലക്ഷ്യം ധനാപഹരണമാണെന്നാണ് കണ്ടെത്തൽ. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനാൽ പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതിൽ പൊലീസിനെതിരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഡി.എൻ.എ പരിശോധന ഫലം ലഭിക്കാൻ വൈകിയതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകാൻ കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച രക്തസാമ്പിളുകളും വിരലടയാളവുമടക്കമുള്ള നിരവധി പരിശോധന റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടായി. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആറു സി.ഐമാരുൾപ്പെടെ 65 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കൊലപാതകം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ ബഹുമതി നൽകി ആദരിച്ചിരുന്നു.