തൊടുപുഴ: ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം. പിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന 'വഴിക്കണ്ണ് ' പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ അധികൃതർ സന്ദർശിച്ചു. നഗരത്തിലെ ആട്ടോറിക്ഷകൾ, സ്റ്റാൻഡുകളുടെ എണ്ണം എന്നിവ സംബന്ധിച്ചുള്ള കൃത്യത ഉറപ്പാക്കുന്നതിനാണ് സന്ദർശനത്തിൽ പ്രധാനമായും ഊന്നൽ നൽകിയത്. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച സന്ദർശനത്തിൽ മൂപ്പിൽകടവ് കവല, കാഞ്ഞിരമറ്റം കവല, ജിനദേവൻ റോഡ്, കാഞ്ഞിരമറ്റം ബൈപാസ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ചില സ്ഥലങ്ങളിൽ റോഡിലേക്കിറങ്ങിയും വഴിയടച്ചും വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്ന് പോകാൻ കഴിയാത്ത വിധവും ആട്ടോ റിക്ഷ സ്റ്റാൻഡുകൾ പ്രവർത്തിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടു. ഇവിടങ്ങളിലെ ഓട്ടോ ഡ്രൈവർമാർ അധികൃതർക്ക് മുന്നിൽ തങ്ങളുടെ പരാതികളും പറഞ്ഞു. ആട്ടോറിക്ഷ തൊഴിലാളികളുടെ പ്രശ്‌നങ്ങളും നഗരത്തിലെ ഗതാഗത കുരുക്കിന്റെ പ്രശ്‌നങ്ങളും വിവിധ തലങ്ങളുലൂടെയുള്ള ചർച്ചയിൽ രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

വെങ്ങല്ലൂർ- കോലാനി ബൈപാസ് റോഡിൽ അടിക്കടിയുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് പ്രദേശത്തുള്ള റസിഡൻസ് അസോസിയേഷൻ പരാതി നൽകിയിരുന്നു. തുടർന്ന് ഇവിടെയും അധികൃതർ സന്ദർശനം നടത്തി. ബൈപാസിൽ മുല്ലയ്ക്കൽ കവല, ഇറക്കുമ്പുഴ കവല എന്നിവിടങ്ങളിൽ സുരക്ഷ ഇല്ലാത്തത് സംബന്ധിച്ച് പ്രദശവാസികൾ അധികൃതരെ അറിയിച്ചു. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ, ഡിം ലൈറ്റുകൾ എന്നിവ സ്ഥാപിക്കാൻ കെ.എസ്.ടി.പി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർക്ക് സബ് ജഡ്ജ് നിർദ്ദേശം നൽകി. കോലാനി മുതൽ വെങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളിൽ വഴി വിളക്കുകൾ മിക്കതും പ്രവർത്തന രഹിതമായ കാര്യവും പ്രദേശവാസികൾ അധികൃതരെ അറിയിച്ചു. പൊലീസ്, മോട്ടോർ വാഹന, പൊതുമരാമത്ത്, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, ട്രാക്ക് ഭാരവാഹികൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അടുത്ത സന്ദർശനം ഏഴിന്

വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി അടുത്ത സന്ദർശനം ഏഴിന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ മാർക്കറ്റ് റോഡ്, മങ്ങാട്ടുകവല ബസ് സ്റ്റാന്റ്, കാരിക്കോട് കവല എന്നിവടങ്ങളിൽ നടത്തും.