തൊടുപുഴ: റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഇന്നലെ മുതൽ മോട്ടോർ വാഹനവകുപ്പും പൊലീസും നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ രംഗത്തിറങ്ങി. ഇന്നലെ ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് 195 വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനം നടത്തിയ 174 വാഹനയുടമകളിൽ നിന്നായി വിവിധങ്ങളുടെ പേരിൽ 18500 രൂപ പിഴയും ഈടാക്കി. ഹെൽമറ്റില്ലാതെ ഇരുചക്രവാഹമോടിച്ചതിന് 106 പേരിൽ നിന്നും സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിന് 68 പേരിൽ നിന്നുമാണ് പിഴ ഈടാക്കിയത്. തൊടുപുഴ മേഖലയിൽ 75 പേരിൽ നിന്ന് നിയമലംഘനങ്ങളുടെ പേരിൽ പിഴയിടാക്കി. സീറ്റ് ബെൽറ്റിടാത്തതിന് 22 പേരിൽ നിന്നും ഹെൽമറ്റില്ലാത്തതിന് 26 പേരിൽ നിന്നുമാണ് തൊടുപുഴയിൽ പിഴയീടാക്കിയത്. വാഹനപരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.