മുട്ടം : കലാലയ കാമ്പസുകളിലെ റാഗിങ്ങിനെതിരെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ 'മാനിഷാദ' എന്ന പേരിൽ ആന്റി റാഗിങ് ക്യാമ്പയിന് തുടക്കമായി. ജില്ലയിലെ വിവിധ കോളേജുകളിൽ റാഗിങ്ങിന് എതിരായ നിയമത്തെ പറ്റിയുള്ള ബോധവൽക്കരണവും പ്രചരണവുമാണ് 15 ദിവസത്തെ ക്യാമ്പയ്‌നിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുട്ടം എം ജി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങിൽ ജില്ലാ ജഡ്ജി മുഹമ്മദ് വസിം നിർവഹിച്ചു. 7 വയസ്സിൽ കൂടുതൽ ഉള്ള ഏതൊരു വ്യക്തിയും നിയമം അറിഞ്ഞിരിക്കേണ്ടതാണെന്ന് ഉദ്ഘാടന യോഗത്തിൽ ജില്ലാ ജഡ്ജി മുഹമ്മദ് വസിം പറഞ്ഞു. റാഗിങ് നീചവും ഏറെ കുറ്റകരവും ആയ പ്രവർത്തിയാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ റാഗിങ് നടന്ന ശേഷം അതിനു വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ പ്രിൻസിപ്പലിനെയും കുറ്റവാളിയാക്കാനുള്ള നിയമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്.എം. പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ മുഖ്യാതിഥിയായിരുന്നു. യൂണിവേഴ്‌സിറ്റി കോളജ് വൈസ് പ്രിൻസിപ്പൽ ജോസ് സെബാസ്റ്റ്യൻ, അഡ്മിനിസ്റ്റേറ്റിവ് ഓഫീസർ ശിവപ്രസാദ് കർത്താ തുടങ്ങിയവരും സംസാരിച്ചു. അഡ്വ.ബാബു വാരിക്കാട്ട് കുട്ടികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.