തൊടുപുഴ: ആൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ റേഷൻ കടകൾ ഇന്ന് അടച്ചിടും. ജീവനക്കാരുടെ വേതനം, കട വാടക എന്നിവ ഉൾപ്പെടുത്തി റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, റേഷൻ വാതിൽപ്പടി വിതരണം ഇ- പോസുമായി ബന്ധിപ്പിച്ച് തൂക്കം കൃത്യത ഉറപ്പു വരുത്തുക, വ്യാപാരികളുടെ കമ്മിഷൻ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, എ.പി.എൽ കാർഡുകളുടെ റേഷൻ വിഹിതം വർദ്ധിപ്പിക്കുക, പ്രളയകാലത്ത് നൽകിയ സൗജന്യ റേഷന് കമ്മിഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അന്നേ ദിവസം റേഷൻ കടകൾ അടച്ച് 11ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ധർണ നടത്തുമെന്ന് എ.കെ.ആർ.ആർ.ഡി.എ ജില്ലാ പ്രസിഡന്റ് ഷമീർ പി. ജബ്ബാർ, സെക്രട്ടറി ജോഷി ജോസഫ്, ട്രഷറർ ബിജു മാത്യു എന്നിവർ അറിയിച്ചു.