മുട്ടം: മുട്ടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിയിലേക്കുള്ള വെള്ളം പതിവായി മുടങ്ങുന്നു. വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വെള്ളമാണ് ജില്ലാ ആശുപത്രിയിലെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. എന്നാൽ മിക്ക ദിവസങ്ങളിലും ഇവിടേക്ക് വെള്ളം ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വിവിധ ചികിത്സയ്ക്കായി 25 കിടപ്പ് രോഗികൾ ഇവിടെ പതിവായിട്ടുണ്ടാവും. കൂടാതെ വിവിധ ചികിത്സകൾക്കായി എല്ലാ ദിവസവും 200 ൽപ്പരം രോഗികളും എത്തുന്നുന്നുണ്ട്. സാധാരണ ചികിത്സകൾ കൂടാതെ പ്രത്യേകമായ ആറു ചികിത്സാ പദ്ധതികളും ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക ചികിത്സാ വിഭാഗം പ്രവർത്തിക്കുന്ന ദിവസങ്ങളിൽ 350 ൽപ്പരം രോഗികളാണ് ഇവിടെയെത്തുന്നത്. കൂടാതെ വിവിധ വിഭാഗങ്ങളിലായി ഡോക്ടർമാർ ഉൾപ്പടെ 30 ജീവനക്കാരും ഇവിടെ കഴിച്ച് കൂട്ടുന്നുണ്ട്. ആശുപത്രിയിലേക്കുള്ള വെള്ളം മിക്ക ദിവസങ്ങളിലും മുടങ്ങുന്നത് ഇവിടുത്തെ അന്തേവാസികൾക്കും ജീവനക്കാർക്കും ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ചില ദിവസങ്ങളിൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്ത സാഹചര്യമാണ് നിലനിൽക്കുന്നതും.
കിടപ്പ് രോഗികളിൽ ചിലർ വെള്ളം ലഭിക്കാത്ത ദിവസങ്ങളിൽ സ്വന്തം വീടുകളിലും അടുത്തുള്ള ബന്ധുവീടുകളിലും പോയി പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയിട്ട് വീണ്ടും ആശുപത്രിയിൽ എത്തുന്ന സാഹചര്യം ഉണ്ടെന്നും ഇവിടെയുള്ള കിടപ്പ് രോഗികൾ പറയുന്നു. ചികിത്സക്കായി ഉപയോഗിക്കുന്ന സിറിഞ്ച്,പാത്രങ്ങൾ, കത്രിക തുടങ്ങിയ ഉപകരണങ്ങൾ ചൂട് വെള്ളത്തിൽ വൃത്തിയാക്കാൻ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ട്.
ജില്ലാ ആശുപത്രിക്ക് സ്വന്തമായി കിണർ സൗകര്യ ഇല്ലാത്തതിനാൽ വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വെള്ളം മാത്രമാണ് ഇവിടെ ലഭിക്കുന്നതും. ജില്ലാ കോടതിയുൾപ്പടെ പതിനാറ് കോടതികളും, ജില്ലാ ജയിൽ, ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജ്, വ്യവസായ എസ്റ്റേറ്റ്, വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ, ഐ എച്ച് ആർ ഡി കോളേജ് - ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, പോളിടെക്നിക്ക് ഹോസ്റ്റൽ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കും വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് കൂടുതലായും ഉപയോഗിക്കുന്നത്.
വെള്ളം പതിവായി മുടങ്ങുന്ന കാര്യം വാട്ടർ അതോറിറ്റിയിലെയും പഞ്ചായത്ത് അധികാരികളെയും ആശുപത്രിയിലെ കിടപ്പ് രോഗികൾ ഉൾപ്പടെയുള്ളവർ അറിയിക്കാറുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ആകുന്നില്ല.