തൊടുപുഴ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജില്ലയിൽ കാലവർഷം കനത്തു. ഞായറാഴ്ച രാവിലെയോടെ ആരംഭിച്ച മഴ ഹൈറേഞ്ചിലടക്കം ശക്തമായി തുടരുകയാണ്. ഇന്നലെ രാവിലെ ഏഴ് മണിവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 39.53 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പീരുമേട്, ദേവികുളം താലൂക്കുകളിലാണ് മഴ ശക്തം. ചെറിയതോതിലുള്ള മണ്ണിടിച്ചിലും മരം വീണതുമൊഴിച്ചാൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ജില്ലയിൽ മഴ കൂടുതൽ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കിയടക്കമുള്ള മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്നും ഒമ്പതിനും ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ അളവ്
ഇടുക്കി- 28.20 എം.എം
ഉടുമ്പൻഞ്ചോല- 14.2
ദേവികുളം- 53.2
പീരുമേട്- 61.00
തൊടുപുഴ- 41.5
ശരാശരി- 39.53
ഡാമുകളിലെ ജലനിരപ്പ് കൂടുന്നു
രണ്ട് ദിവസമായി വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2316.64 അടിയായി. കഴിഞ്ഞ വർഷം ഇതേസമയം 2396.22 അടി ജലമുണ്ടായിരുന്നു. സംഭരണശേഷിയുടെ 20.71 ശതമാനം വെള്ളം മാത്രമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 28.20 മില്ലീമീറ്റർ മഴ ലഭിച്ചു. 113.4 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത് കെ.എസ്.ഇ.ബിക്ക് ആശ്വാസമാകും.
മരം വീണ് രണ്ടരമണിക്കൂർ ഗതാഗതം മുടങ്ങി
മുള്ളരിങ്ങാട്- പട്ടയക്കുടി റോഡിൽ വെള്ളെള്ള് ഭാഗത്ത് റോഡിലേക്ക് കൂറ്റൻ മരം വീണ് രണ്ടരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് റോഡരികിൽ നിന്ന 85 ഇഞ്ച് വണ്ണമുള്ള തെള്ളിമരം കടപുഴകി വീണത്. മരം വീണ് വൈദ്യുതി ലൈൻ പൊട്ടുകയും സമീപത്തെ പോസ്റ്റുകൾ ഒടിയുകയും ചെയ്തു. വിവരമറിയിച്ചിതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സെത്തി രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ടാണ് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ കരുണാകരണപിള്ള, ലീഡിംഗ് ഫയർമാന്മാരായ ടി.വി. രാജൻ, ബെൽജി വർഗീസ്, ഫയർമാന്മാരായ അലക്‌സാണ്ടർ പി.പി, സജീവ് പി.ജി, ബിൽസ് ജോർജ്ജ്, ഹോംഗാർഡ് മാത്യു ജോസഫ്, ഡ്രൈവർ എം.എച്ച്. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് മരംമുറിച്ചത്.