രാജാക്കാട് : പൂപ്പാറയ്ക്ക് സമീപം ഇറച്ചിപ്പാറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അറുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃത ശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. വിഷം ഉള്ളിൽച്ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്നലെ രാവിലെ എത്തിയവരാണ് ദേശീയപാതയിൽ മൂന്നാർ റൂട്ടിൽ റോഡിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഒരാൾ കിടക്കുന്നത് കണ്ടത്. അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ശാന്തൻപാറ പൊലീസിൽ വിവരമറിയിച്ചു. എസ്. ഐ ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ആൾ മരിച്ചതായി മനസ്സിലാക്കി. സമീപത്ത് നിന്നും ഒഴിഞ്ഞ വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. മരണം സംഭവിച്ചിട്ട് ഏതാനും മണിക്കൂറുകൾ മാത്രമെ ആയിട്ടുള്ളുവെന്നും, വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നും ആണ് നിഗമനം. മുണ്ടും ഷർട്ടുമാണ് മരിച്ചയാളുടെ വേഷം. 300 രൂപ, സിഗരറ്റ് ലൈറ്റർ, തോർത്ത് എന്നിവ കണ്ടെടുത്തിട്ടുണ്ട്.പ്രദേശത്ത് ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത ആളാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.