മുട്ടം :ജില്ലാ ജയിലിൽ തടവുകാർക്ക് തൊഴിൽ പരിശീലനം ആരംഭിച്ചു .പേപ്പർ ബാഗ് - കവർ നിർമാണം, സ്ക്രീൻ പ്രിന്റിങ്ങ് എന്നീ കോഴ്‌സുകൾക്കാണ് പരിശീലനം നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻശിക്ഷൻ സൻസ്ഥാന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ദിവസവും രണ്ട് മണിക്കൂറിലായി 40 ദിവസത്തെ പരിശീലനമാണ് തടവുകാർക്ക് നൽകുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരുടെ സേവനം ഉപയോഗിച്ച് ജയിലിൽ തൊഴിൽ യൂണീറ്റ് ആരംഭിക്കുന്നതിനൊപ്പം ശിക്ഷ കാലാവധി കഴിഞ്ഞ് ജയിൽ മോചിതരാവുന്നവർക്ക് സ്വന്തമായി തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ജയിലിൽ തടവുകാർക്ക് തൊഴിൽ പരിശീലനം നൽകുന്നതെന്ന് ജയിൽ സൂപ്രണ്ട് കെ ബി അൻസാർ പറഞ്ഞു. ജയിൽ വെൽഫെയർ ഓഫീസർ ഷിജോ തോമസ്, ജൻ ശിക്ഷൺ സൻസ്ഥാൻ പ്രോഗ്രാം കോർഡിനേറ്റർ ലാൽ പ്രസാദ്, പരിശീലകൻ രാജീവ്‌ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.