തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അന്വേഷണസംഘം തൊടുപുഴ ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപിച്ചു.
കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിൻഭാഗത്ത് ഒരേ കുഴിയിൽ മറവു ചെയ്‌ത സംഭവത്തിൽ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, തൊടുപുഴ കീരികോട് സാലി ഭവനിൽ ലിബീഷ് ബാബു, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ്, തൊടുപുഴ ആനക്കൂട് ചാത്തൻകൂട് ഇലവുങ്കൽ ശ്യാംപ്രസാദ് എന്നിവരാണ് യഥാക്രമം ഒന്നുമുതൽ നാലുവരെ പ്രതികൾ.
കഴിഞ്ഞ വർഷം ജൂലായ് 29ന് അർദ്ധരാത്രിയിലായിരുന്നു കൊലപാതകം. സംഭവം നടന്ന് ഒരുവർഷത്തിനു ശേഷമാണ് രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് കോടതിയിൽ സമർപ്പിച്ചത്. സ്വർണാഭരണങ്ങൾ കവരുകയും മന്ത്രവാദിയായിരുന്ന കൃഷ്ണന്റെ പക്കലുള്ള താളിയോലകൾ സ്വന്തമാക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം. സുശീലയുടെയും ആർഷയുടെയും മൃതദേഹങ്ങളോട് ഒന്നും രണ്ടും പ്രതികൾ അനാദരവു കാട്ടിയതായും കുറ്റപത്രത്തിൽ പറയുന്നു.
കൊലക്കുറ്റത്തിനു പുറമെ ബലാത്സംഗം, തെളിവു നശിപ്പിക്കൽ, ഭവനഭേദനം, കവർച്ച എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കളവുമുതൽ വിൽക്കാൻ സഹായിച്ചതാണ് മൂന്നാം പ്രതിക്കെതിരായ കുറ്റം. നാലാംപ്രതി തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിയ്ക്കാനും ശ്രമിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലിബീഷും കൃഷ്ണനെയും മറ്റുള്ളവരെയും തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ കവർന്ന് സ്ഥലംവിട്ടു. പിറ്റേന്നു രാത്രി മടങ്ങിയെത്തി മൃതദേഹങ്ങൾ മറവു ചെയ്യാൻ ശ്രമിക്കുമ്പോൾ അർജുന് ജീവനുള്ളതായി കണ്ടപ്പോൾ വീണ്ടും തലയ്ക്കടിച്ച് മരണം ഉറപ്പുവരുത്തുകയും മൃതദേഹങ്ങൾ ഒരുമിച്ച് കുഴിച്ചുമൂടുകയും ചെയ്തു.
രണ്ടു ദിവസത്തിനു ശേഷം ആഗസ്റ്റ് ഒന്നിനാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. പത്തു ദിവസത്തിനുള്ളിൽ പ്രതികൾ അറസ്റ്റിലായി. കവർന്നെടുത്ത 20 പവനോളം സ്വർണാഭരണങ്ങളും കൊലയ്ക്ക് ഉപയോഗിച്ച ഷോക്ക് അബ്‌സോർബർ അടക്കമുള്ള ആയുധങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ നൂറിലേറെ സാക്ഷികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.