രാജാക്കാട്: കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ മലയിടിച്ചിലുണ്ടായത് പാറ പൊട്ടിക്കൽ മൂലമാണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയ സബ് കളക്ടർ രേണു രാജിനെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ.
381 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ റോഡിന്റെ പുനരുദ്ധാരണ ജോലികളാണ്. അതിന്റെ ശാസ്ത്രീയവശങ്ങൾ മനസിലാക്കാതെ മാദ്ധ്യമങ്ങളിൽ പ്രചാരണം കിട്ടുന്നതിനായി പ്രസ്താവനകൾ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് എസ്. രാജേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
വിനോദ സഞ്ചാര പദ്ധതികൾ മുടക്കാനുള്ള ചില ദൃശ്യമാദ്ധ്യമങ്ങളുടെ ഗൂഢാലോചനയിൽ ദേവികുളം സബ്കളക്ടർ പെട്ടുപോകരുത്. പട്ടയം, റീസർവേ, കരമെടുക്കൽ, കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി ഒരുപാട് ജോലികൾക്ക് സബ് കളക്ടർ സമയം ഉപയോഗപ്പെടുത്തണമെന്നും, ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലുള്ള ഇടപെടൽ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, പഴയ മൂന്നാറിൽ റവന്യൂവകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടറെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തത് വിവാദമായിരുന്നു. വീട്ടിലെ അംഗമാണെന്നു കരുതിയാണ് അങ്ങനെ പെരുമാറിയതെന്നു പറഞ്ഞ് എം.എൽ.എ അന്ന് തടിതപ്പിയെങ്കിലും, പാർട്ടിയുടെ ശകാരം കേൾക്കേണ്ടി വന്നു.