മറയൂർ: മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടാന ചരിഞ്ഞു. ജനവാസകേന്ദ്രത്തിന് സമീപത്തുള്ള വണ്ണാന്തുറ വനം വകുപ്പ് ഓഫീസിനും വിനോദ സഞ്ചാരകേന്ദ്രമായ തൂവാനം വെള്ളച്ചാട്ടത്തിനും ഇടയിലുള്ള ഭാഗത്താണ് 55 വയസ്സ് പ്രായമുള്ള പിടിയാന ചരിഞ്ഞത്. രണ്ടാഴ്ച്ച മുൻപ് വനാതിർത്തിയിൽ അവശനിയിൽ കാട്ടാന നിൽക്കുന്ന വിവരം കീഴാന്തൂർ വില്ലേജ് ഓഫീസർ ചിന്നാർ വന്യജീവി സങ്കേതത്തിൽ അറിയിക്കുകയും വനപാലർ എത്തി നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാതെ കൊമ്പക്കയം ഭാഗത്ത് നിലയുറപ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷമി, അസി വൈൽഡ് ലൈഫ് വാർഡൻ റഷീദ് റ്റി എ, മൂന്നാർ വെറ്റിനറിഡോക്ടർ നിഷാ റെയ്ച്ചൽ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി കാട്ടാനയുടെ ജഡം മറവ് ചെയ്തു.