2018 ആഗസ്റ്റ് 9. തുള്ളിയ്ക്കൊരു കുടമെന്ന പോലെ പെയ്തിറങ്ങിയ പേമാരി ഇടുക്കിയിൽ സംഹാരതാണ്ഡവമാടി തുടങ്ങിയ ദിനം. ആ വ്യാഴാഴ്ച പുലർന്നത് തന്നെ ദുരന്തവാർത്തയുമായായിരുന്നു. അടിമാലിയിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ച് പേരാണ് പൊലിഞ്ഞത്. പിന്നാലെ ഉരുൾപൊട്ടലുകളുടെയും മണ്ണിടിച്ചിലിന്റെയും പരമ്പരയാണ് ജില്ലയിലുണ്ടായത്. അന്ന് ഉച്ചയോടെ നിറഞ്ഞ് തുളുമ്പിയ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401അടി പിന്നിട്ടതോടെ 26 വർഷങ്ങൾക്ക് ശേഷം ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഒന്നൊന്നായി തുറന്നു. ചെറുതോണി നഗരം വെള്ളത്തിനടിയിലായി. കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജില്ലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. മൂന്നാറിൽ നിരവധി സഞ്ചാരികൾ കുടുങ്ങി. ജില്ലയിൽ ഗതാഗത യോഗ്യമായ റോഡുകൾ നാമമാത്രമായി. ഇരുപതിനായിരത്തിലേറെ പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ മാസങ്ങളോളം കഴിഞ്ഞു,​ ഇപ്പോഴും കഴിയുന്നു.

അതിജീവനം എവിടെ വരെ

നൂറ്റാണ്ടിലെ പ്രളയം ഒരാണ്ട് പിന്നിടുമ്പോൾ ജില്ല അതിജീവനത്തിന്റെ പാതയിലാണ്. കാടിനോടും വന്യമൃഗങ്ങളോടും പോരാടി കുടിയേറിയ മലയോര ജനതയുടെ പിന്മുറക്കാർ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. അത് ഈ ഒരു വ‍ർഷത്തിനിടെ എത്രമാത്രം സാധിച്ചെന്ന കേരളകൗമുദിയുടെ അന്വേഷണമാണ് 'അതിജീവനത്തിന്റെ ഒരാണ്ട് "