തൊടുപുഴ: റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തിയ വാഹനപരിശോധനയിൽ നിയമലംഘനം നടത്തിയ 174 പേർക്കെതിരെ നടപടിയെടുത്തു. ജില്ലയിൽ ഹെൽമെറ്റ് ധരിക്കാത്തതിൽ 77 കേസും സീറ്റ് ബെൽറ്റിടാത്തതിന് 64 കേസും ലൈസൻസില്ലാതെ വാഹമോടിച്ചതിനും അനധികൃത പാർക്കിംഗിനുമടക്കം 33 കേസുകളും രജിസ്റ്റർ ചെയ്തു. 19,900 രൂപ പിഴയിനത്തിൽ ഈടാക്കി. റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ആരംഭിച്ച പരിശോധന രണ്ട് ദിവസം പിന്നിടുമ്പോൾ 42 കേസുകളാണ് മദ്യപിച്ച് വാഹമോടിച്ചതിന് മാത്രമെടുത്തത്. വരും ദിവസങ്ങളിൽ വാഹന പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം.