bus
കേടുപാട് സംഭവിച്ച തമിഴ്നാട് ബസ്

രാജാക്കാട് : ബസ് സ്റ്റാന്റിൽ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന സ്വകാര്യബസ് തനിയെ ഉരുണ്ട് തമിഴ്നാട് ബസ്സിലേക്ക് ഇടിച്ചുകയറി. തമിഴ്നാട് ബസ്സിലെ കണ്ടക്ടറുടെ അവസരോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 7.40 ന് ആയിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ ഉണ്ടായിരുന്ന സ്വകാര്യ ബസാണ് സ്റ്റാൻഡിന് വെളിയിൽ യാത്രക്കാരെ ഇറക്കി കൊണ്ടിരുന്ന തമിഴ്നാട് ബസ്സിലേക്ക് ഇടിച്ചു കയറിയത്. സ്വകാര്യ ബസ്സിന്റെ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്ത് ഇറക്കത്തിൽ നിർത്തിയ ശേഷം പുറത്തേയ്ക്കിറങ്ങി പോയിരുന്നു. വൈകാതെ വാഹനം സ്വയം താഴേയ്ക്ക് ഉരുണ്ട് നീങ്ങി. ഡ്രൈവറില്ലാതെ പാഞ്ഞടുക്കുന്ന വണ്ടി കണ്ട് തമിഴ്നാട് ബസ്സിലെ കണ്ടക്ടർ ജനാലയിലൂടെ സ്വകാര്യ ബസിൽ കയറുകയും ബസ് നിർത്താൻ ശ്രമിച്ചു. വേഗത കുറഞ്ഞെങ്കിലും തമിഴ്നാട് ബസ്സിന്റെ പിൻഭാഗത്തേക്ക് ഇടിച്ചു കയറി. ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.