ഇടുക്കി : വാഗമൺ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെയും വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്രീയ പശുപരിപാലന ത്രിദിന ക്ലാസുകൾക്ക് തുടക്കമായി. വെള്ളത്തൂവൽ പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടത്തിയ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി ഉദ്ഘാടനം ചെയ്തു. വ്യവസായിക അടിസ്ഥാനത്തിൽ കറവപ്പശുപരിപാലനം, ഫാം ലൈസൻസിംഗ് എന്നി വിഷയങ്ങളിൽ വാഗമൺ മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.ബിജു ചെമ്പരത്തി വിഷയാവതരണം നടത്തി. ആധുനിക തൊഴുത്ത് നിർമ്മാണം, യന്ത്രവത്കരണം, മാലിന്യ സംസ്‌കരണം, ബയോഗ്യാസ്, ശാസ്ത്രീയ തീറ്റക്രമം എന്നീ വിഷയങ്ങളിൽ സീനിയർ വെറ്റിനറി സർജൻ ജോർജ്ജ് കുര്യൻ ക്ലാസുകൾ നയിച്ചു. സൗജന്യ ത്രിദിന പരീശീലനം പൂർത്തിയാക്കുന്ന കർഷകർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ഇന്ന് രോഗങ്ങൾ, രോഗ നിയന്ത്രണം, മുൻകരുതലുകൾ, ശാസ്ത്രീയ കറവ, പാൽ വിപണനം എന്നീ വിഷയങ്ങളിൽ വെറ്ററിനറി സർജൻ ഡോ.കുര്യാക്കോസ് മാത്യു ക്ലാസ് എടുക്കും. സമാപന ദിവസമായ വെള്ളിയാഴ്ച പശുവിന്റെ പ്രജനനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രസവകാല പരിരക്ഷ, വന്ധ്യതാ നിയന്ത്രണം, ഫാം മാനേജ്‌മെന്റ്, പുൽകൃഷിയുടെ പ്രാധാന്യം, കാർഷിക ഉപോല്പന്നങ്ങൾ, തീറ്റ ചിലവു കുറയ്ക്കാനുള്ള മാർഗങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വെറ്ററിനറി സർജൻ സുബിൻ എം.എസ് ക്ലാസുകൾ നയിക്കും. വെള്ളത്തൂവൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോയ് ജോൺ, വെള്ളത്തൂവൽ മൃഗാശുപത്രി വെറ്റിനറി ഡോക്ടർ തോമസ് മണവാളൻ, ഡോ. ജെയ്സൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു. വെള്ളത്തൂവൽ പഞ്ചായത്തിലെ നിരവധി ക്ഷീര കർഷകരും പരിപാടിയിൽ പങ്കെടുത്തു.