ഇടുക്കി : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ രണ്ടാം ഘട്ടമായ ഭൂമിയുളള ഭവന രഹിതരുടെ ഭവന നിർമ്മാണത്തിൽ ജില്ല മികച്ച പുരോഗതി കൈവരിച്ചു. ഇതിനോടകം കരാർ ഒപ്പു വച്ച 10437 ഗുണഭോക്താക്കളിൽ 2049 പേർ ഭവന നിർമ്മാണം പൂർത്തിയാക്കി. 2536 ഗുണഭോക്താക്കൾ മേൽക്കൂര വരെയും 2557 പേർ ലിന്റൽ വരെയും 2097 പേർതറവരെയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തിലും 2 മുൻസിപ്പാലിറ്റികളിലുമായി 11862 ഗുണഭോക്താക്കളാണ് അർഹരായുളളത്. ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഏതെങ്കിലും വിധതതിൽ ഭൂമി ലഭിച്ചിട്ടുണ്ടെങ്കിൽ അവരെയും ഭൂമിയുളള ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഈ വർഷം തന്നെ ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതാണ്. ത്രിതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഹഡ്‌കോ വായ്പയും സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് നാല് ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് ഭവന നിർമ്മാണത്തിന് അനുവദിക്കുന്നത്. കൂടാതെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന 90 തൊഴിൽ ദിനങ്ങൾ വഴി 25000/ രൂപയോളം അധികമായും ലഭിക്കും. ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ സംസ്ഥാന നിർമ്മിതി കേന്ദ്രയുമായും വിവിധ സ്വകാര്യ കമ്പനികളുമായും ധാരണാപത്രം ഒപ്പിട്ടതും ഗുണഭോക്താക്കൾക്ക് നേട്ടമായി. ഇതിനോടകം കരാറിൽ ഏർപ്പെട്ട മുഴുവൻ വീടുകളുടെയും നിർമ്മാണം ഡിസംബർ മാസത്തോടെ പൂർത്തീകരിക്കും.