മൂലമറ്റം: അപ്രതീക്ഷിതമായി പുലർച്ചെ 4 ന് തിരുവനന്തപുരത്തിന് പോകുന്ന കെ എസ് ആർ ടി സി ബസ് നിർത്തി,യാത്രക്കാരെ ദുരിതത്തിലായി. ദീർഘദൂര ഫാസ്റ്റ് സർവീസുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ സർവീസ് നിർത്തിയത്. ബസിന്റെ സർവീസ് റദ്ദ് ചെയ്തത് അറിയാതെ ബസിൽ പോകാനായി രാവിലെ ഡിപ്പോയിൽ എത്തുമ്പോഴാണ് സർവീസ് റദ്ദ് ചെയ്ത കാര്യം യാത്രക്കാർ അറിയുന്നത്. മൂലമറ്റത്ത് നിന്നും പുലർച്ചെ പുറപ്പെട്ടാൽ തിരുവനന്തപുരത്ത് രാവിലെ 9.30 നാണ് ഇത് എത്തിച്ചേരുന്നത്. മുട്ടം മേലുകാവ് വഴി തിരുവനന്തപുരത്തിന് പുറപ്പെടുന്ന ബസ്സാണ് അവിചാരിതമായി നിർത്തലാക്കിയത്. ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തലാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നെങ്കിലും ബൈറൂട്ട് ബസ് എന്ന നിലയിൽ ഈ ബസ് റദ്ദ് ചെയ്യില്ലെന്നാണ് ചീഫ് ഓഫീസിൽ നിന്ന് ആദ്യം അറിയിച്ചിരുന്നതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് പോയി അന്നു തന്നെ മടങ്ങുന്നവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ഈ ബസ് . കൂടാതെ തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കു പോകുന്നവർക്കും ഏറെ പ്രയോജനകരമായിരുന്നു. രാവിലെ ഓഫിസിൽ എത്താൻ ഏറെ സൗകര്യമുള്ള ബസ് എന്ന നിലയിൽ ഒട്ടേറെ ജീവനക്കാരും ഈ ബസിനെ ആശ്രയിച്ചിരുന്നു . ഗ്രാമീണ മേഖലകളായ മേലുകാവ് റൂട്ടിലെ ഒട്ടേറെ ഉദ്യോഗസ്ഥർ സ്ഥിരമായി ഈ ബസ്സിനെ ആശ്രയിച്ചിരുന്നു. ബസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി സി എം ഡി ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാർ.