ഇടുക്കി: കഴിഞ്ഞ പ്രളയത്തിൽ ഒഴുകി പോയ ആനവിരട്ടി മാങ്കടവ് 200 ഏക്കർ റോഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായി.ആനവിരട്ടി സർക്കാർ എൽപി സ്‌കൂൾ, ഇരുട്ടുകാനം വിയാറ്റ് പവർ ഹൗസ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള പാതയിലായിരുന്നു തകർന്ന പാലം സ്ഥിതി ചെയ്തിരുന്നത്. പാലത്തിന്റെ ഉദ്ഘാടനം ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്നനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചത്. പ്രദേശത്തെ 200ഓളം കുടുംബങ്ങളും ഈ പാലത്തെ ആശ്രയിച്ച് വന്നിരുന്നു.പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കപ്പെട്ടതോടെ പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിനും പരിഹാരമായി. പാലം ഒഴുകി പോയതിനെ തുടർന്ന് തെങ്ങിൻ തടി വെട്ടിയിട്ടുള്ള താൽക്കാലിക സംവിധാനമൊരുക്കിയായിരുന്നു ഗതാഗതം നടന്നു വന്നിരുന്നത്..പഞ്ചായത്തംഗം ഷേർളി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.