തൊടുപുഴ: ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച രാത്രി മുതൽ തുള്ളിക്ക് ഒരു കുടമെന്ന കണക്കിൽ കനത്ത മഴയാണ് തൊടുപുഴ, പീരുമേട് മേഖലകളിൽ പെയ്തത്. ഇന്നലെ രാവിലെ ഏഴ് മണിവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 77.42 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ചെറിയ തോതിൽ ഇടിമിന്നലും ശക്തമായ കാറ്റും അകമ്പടിയായുണ്ടായിരുന്നു. കാറ്റിൽ മരങ്ങൾ കടപുഴകി പലയിടത്തും ഗതാഗതവും വൈദ്യുതിയും മുടങ്ങി. മൂലമറ്റത്തിനടുത്ത് മൈലാടിയിലും ബിഷപ്പ് വയലിലും റോഡിലേക്ക് മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റി ഗതാഗതം സുഗമമാക്കിയത്. മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപ്പാസിൽ തൊടുപുഴ ഉത്രം റസിഡൻസിക്ക് മുമ്പിൽ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിൽ മരം കടപുഴകി ഭാഗികമായി ഗതാഗതം തടസപ്പെട്ടിരുന്നു. തൊടുപുഴ ഫയർഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫീസർ കരുണാകരണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ പുലർച്ചെ ആറ് മണിയോടെ ഇടുക്കി കളക്ട്രേറ്റിലെ വാഹനം പാർക്ക് ചെയ്യുന്ന ഷെഡിന്റെ മുകളിലേക്കും വൈദ്യുതി ലൈനിലേക്കും മരത്തിന്റെ കൊമ്പ് വീണു. ഷെഡിനടിയിൽ കിടന്ന കാറുകൾക്ക് കെടുപാട് പറ്റിയില്ല. രാവിലെ 10 മണിയോടെ ഇടുക്കി ഫയർഫോഴ്സെത്തിയാണ് മരങ്ങൾ നീക്കിയത്. വൈകിട്ട് അഞ്ച് മണിയോടെ കളക്ട്രേറ്റിലേക്ക് കയറുന്ന റോഡിലേക്കും മരം വീണ് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരിയാപുരം- കാമാക്ഷി റോഡിലും മരം വീണ് 15 മിനിട്ട് ഗതാഗത തടസമുണ്ടായി. രണ്ടിടത്തും ഇടുക്കി ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്ന് ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ അളവ്
ഇടുക്കി- 71.20 മില്ലിമീറ്റർ
ഉടുമ്പൻഞ്ചോല- 28.4
ദേവികുളം- 74.46
പീരുമേട്- 110.00
തൊടുപുഴ- 103.00
ശരാശരി- 71.20
അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടി
ഇന്നലെ മുതൽ വൃഷ്ടിപ്രദേശത്ത് മഴ കൂടുതൽ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റദിവസത്തിൽ രണ്ടടിയോളം കൂടി 2318.02 അടിയായി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 71.20 മില്ലിമീറ്റർ മഴയാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. കഴിഞ്ഞ വർഷം ഈ സമയം 2396.18 അടി ജലമുണ്ടായിരുന്നു. സംഭരണശേഷിയുടെ 21.57 ശതമാനം വെള്ളം മാത്രമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഉച്ചയ്ക്ക് 12ന് കല്ലാർകുട്ടി ഡാമിന്റെ ഷട്ടർ 10 സെന്റി മീറ്റർ ഉയർത്തി.
മറ്റ് ഡാമുകളിലെ ജലനിരപ്പ്
മുല്ലപ്പെരിയാർ ഡാം- 114അടി
പൊന്മുടി- 694.70 മീറ്റർ
ആനയിറങ്കൽ- 1191.50 മീറ്റർ
മാട്ടുപെട്ടി- 1571.70 മീറ്റർ
കുണ്ടള- 1745.90 മീറ്റർ
മലങ്കര- 40.30 മീറ്റർ