തൊടുപുഴ: വെള്ളിയാമറ്റത്ത് അന്യസംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന വീടിന്റെ ഭിത്തി തകർന്ന് വീണ് ഒറീസ സ്വദേശിയായ മധു കൃഷാനിക്ക് (26) പരിക്കേറ്റു. ഇയാളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വീടിന്റെ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീഴുകയായിരുന്നു. അഞ്ചു തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർ ഓടി മാറിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തോട്ടം പാട്ടത്തിനെടുത്ത വ്യക്തി എത്തി ഏറെ സമയത്തിനു ശേഷമാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മായ. കെ. തങ്കപ്പന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.