മുട്ടം : കുടയത്തൂർ നിർഭയ കേന്ദ്രത്തിൽ നിന്നും മുങ്ങിയ പെൺകുട്ടിയെ പൊലീസ് പിടികൂടി തിരികെ എത്തിച്ചു. ജോലി വാഗ്ദാനം ചെയ്തതിനെത്തുടർന്ന് അസം സ്വദേശി ഷഫീക്കുൾ ഇസ്ലാം എന്ന യുവാവിനോടൊപ്പമാണ് പെൺകുട്ടി പോയത്. ഇന്നലെ പുലർച്ചെ നിർഭയയിലെ പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് പെൺകുട്ടി പുറത്ത് കടന്നത്.

റോഡിലെത്തിയ പെൺകുട്ടി ബസിൽ കയറി തൊടുപുഴ എത്തി എറണാകുളത്തിന് പോയി. വിവരമറിഞ്ഞ പൊലീസ് എല്ലാ പൊലീസ് സ്റ്റേഷനിലേക്കും റെയിൽവേ സ്റേഷനിലേക്കും വിവരം കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് എറണാകുളം റെയിൽവെ സ്റ്റേഷന്റെ സമീപത്തു നിന്നുമാണ് കാഞ്ഞാർ പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ചയും നിർഭയ കേന്ദ്രത്തിൽ നിന്ന് മറ്റൊരു വിദ്യാർത്ഥിനി യുവാവിനോടൊപ്പം ഒളിച്ചോടിപ്പോയിരുന്നു. കാഞ്ഞാർ സ്റ്റേഷനിലെ സിഐ അനിൽകുമാർ, എസ് ഐ സിനോദ് ,സി പി ഒ മാരായ ബിജു, സുനി,നിസമോൾ എന്നിവർ ചേർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.