ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു. വാഴത്തോപ്പ് നെല്ലിപ്പുഴക്കവല മലേപ്പറമ്പിൽ ജോർജിന്റെ വീടിനുമുകളിലാണ് ചൊവ്വാഴ്ച്ച രാത്രി12.30ടെ പ്ലാവ് കടപുഴകി വീണത്. വീടിന് 100 മീറ്ററോളം അകലെ നിന്നിരുന്ന വലിയ പ്ലാവാണ് കടപുഴകി വീണത്. ജോർജും ഭാര്യ റീത്തയും സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ മകൻ സിബിയും ഭാര്യ മിനിയും പേരക്കുട്ടി ബ്ലെയിസും വീട്ടിലുണ്ടായിരുന്നു. ജോർജും റീത്തയും ഉറങ്ങുന്ന മുറിക്കുമുകളിലേക്കാണ് മരം വീണത്. വീടിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നുവീഴുകയും ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു.. ഈ മുറിയിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പ്രദേശത്ത് ശക്തമായ കാറ്റായിരുന്നു. സിബിയും കുടുംബവും വീട്ടിൽ നിന്നും ഇറങ്ങി മാറി. ഇന്നലെ പഞ്ചായത്ത് അധികൃതരെത്തി മേൽ നടപടികൾ സ്വീകരിച്ചു.