തൊടുപുഴ: കൃത്യം ഒരു വർഷം മുമ്പുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യത്തിൽ ഇടുക്കി ജില്ല. നാല് ദിവസമായി തുടരുന്ന പേമാരിയിൽ മൂന്ന് മരണവും ജില്ലയിലെമ്പാടും വ്യാപകമായ നാശനഷ്ടമുണ്ടായി. ചിന്നക്കനാലിൽ ഏലതോട്ടത്തിൽ മണ്ണിടിഞ്ഞ് ഒരുവയസുകാരി മരിച്ചത് ജില്ലയിൽ ഈ കാലവർഷത്തിലുണ്ടായ ആദ്യ ദുരന്തമായി. ചിന്നക്കനാൽ രാജശേഖരൻ- നിത്യ ദമ്പതികളുടെ മകൾ മഞ്ജുശ്രീയാണ് മരിച്ചത്. തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിലേക്ക് മണ്ണിടിച്ച് വീണായിരുന്നു അപകടം. മറയൂർ വാകുവരയിൽ തോട്ടിൽ കാൽതെറ്റി വീണ് വൃദ്ധ മരിച്ചു. വാകുവര എസ്റ്റേറ്റിൽ ജ്യോതിഅമ്മാളാണ് (72) മരിച്ചത്. തൊടുപുഴ വെള്ളിയാമറ്റത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീട് തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒറീസ സ്വദേശി മരിച്ചു. ഒറീസ കോരാപ്പുട്ട് ജില്ലയിൽ മധു കൃഷ്ണാനിയാണ് (26) മരിച്ചത്. തമിഴ്നാട് സ്വദേശിയായ ഇടുക്കി ഗാന്ധിനഗർ കോളനിയിൽ മണ്ണിടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മണ്ണിനടിയിൽപ്പെട്ട ഗാന്ധിനഗർ പുത്തൻവിളയിൽ ഹമീദിനെ നാട്ടുകാർ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചു. കല്ലാർ വട്ടയാർ കോഴിപ്പാടൻ വീട്ടിൽ ജോബിന് മരം വീണ് പരിക്കേറ്റു. ജോബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധിയിടങ്ങളിൽ ഉരുൾപൊട്ടലിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് താത്കാലികമായി നിർമിച്ച മൂന്നാർ- മറയൂർ റൂട്ടിലുള്ള പെരിയവര പാലം തകർന്നു. ഇതോടെ മറയൂർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പഴയ മൂന്നാറിലും ഇറ്റാനഗറിലും വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ മുങ്ങി, അമ്പതോളം വീടുകളിൽ വെള്ളം കയറി. താരതമ്യേന ചെറിയ ഡാമുകളായ മലങ്കര, കല്ലാർകുട്ടി, പാംബ്ല, കല്ലാർ , ഇരട്ടയാർഎന്നിവ തുറന്നുവിട്ടു.
കട്ടപ്പന ബ്ലോക്ക് ഓഫീസിന് സമീപം, ഇടുക്കി ഗാന്ധിനഗർ കോളനി, ഉപ്പുതോട്- തൊട്ടിക്കട ഭാഗം, രാജാക്കാട്- വെള്ളത്തൂവൽ റോഡിൽ പന്നിയാർകുട്ടി, ചെറുതോണി- ചേലച്ചുവട് റോഡ്, ആനവിരട്ടി ഭാഗത്ത് ഹൈവേ, പീരുമേട് കല്ലാർ ഭാഗത്ത് കെ.കെ. റോഡ്, പീരുമേട് 55-ാം മൈൽ, 57-ാം മൈൽ, ചുരുളി എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു. പാറത്തോട് ശിങ്കാരികണ്ടം, മാങ്കുളം റോഡ്, 52-ാം മൈലിൽ കീരിക്കര ഭാഗം, കട്ടപ്പന- ഇരട്ടയാർ റൂട്ടി അയ്യമലപ്പടി ഭാഗം എന്നിവിടങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പാറത്തോട്ടിൽ സമാന്തരപാലം തകർന്നു. മുളകരമേട് പള്ളിയുടെ പാരിഷ്ഹാൾ ഭാഗികമായി ഇടിഞ്ഞു. കല്ലാർ പുഴ കരകവിഞ്ഞ് തൂക്കുപാലം, ബാലഗ്രാം, താന്നിമൂട് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. നെടുങ്കണ്ടം- ഉടുമ്പഞ്ചോല റോഡ്, പാമ്പാടുംപാറ റൂട്ട്, രാജാക്കാട്- കുഞ്ചിത്തണ്ണി റോഡ്, തൂക്കുപാലം- പുളിയന്മല റോഡ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊന്നത്തടി, കമ്പംമെട്ട്, മാൻകുത്തിമേട്ട് എന്നിവിടങ്ങളിൽ വീടുകൾക്ക് കേടുപാടുണ്ടായി. മൈലാടുംപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ജില്ലയിൽ ഇന്നും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ജില്ലയിൽ ആകെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പഴയ മൂന്നാറിൽ ഒമ്പത് കുടുംബങ്ങളിൽ നിന്നായി 30 പേർ, ദേവികുളം വി.എച്ച്.സിയിൽ മൂന്ന് പേർ, അടിമാലി മച്ചിപ്ലാവ് അസീസ് പള്ളിയിൽ ആറ് കുടുംബങ്ങളിൽ നിന്നായി 20 പേർ, ദേവികുളം താലൂക്കിൽ തന്നെ മറ്റ് മൂന്നിടങ്ങൾ, ഉപ്പുതറ സെന്റ് ഫിലോമീനാസ് സ്കൂൾ, കരുന്തരുവി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കട്ടപ്പന ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
വ്യാപക ഉരുൾപൊട്ടൽ
ഉരുൾപൊട്ടലിൽ കട്ടപ്പന വിടിപടിയിൽ വീട് ഒലിച്ചുപോയി. അഞ്ചുരുളിയിൽ ചെറിയ നിരവധി പൊട്ടലുണ്ടായി. ഉരുൾപൊട്ടി കല്ലാർ പരുന്തുംപാറയിൽ ആറ് വീടുകൾ വെള്ളത്തിനടിയിലായി. ഉരുൾപൊട്ടി മത്തായികൊക്കയിൽ റോഡിന്റെ സംരക്ഷണഭിത്തി ഒലിച്ചുപോയി. ഇടുക്കി- നേര്യമംഗലം റോഡിൽ ചുരുളിയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇതിൽ കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടി തകർന്നതിനെ തുടർന്ന് പണിതുകൊണ്ടിരുന്ന റോഡ് വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. കരിമ്പൻ ടൗൺ, പീരുമേട് ചിദംബരംപിള്ള സ്കൂളിന് സമീപം ഉരുൾപൊട്ടി ക്ലാസിലൂടെ മലവെള്ളം ഒഴുകി. മാങ്കുളം ഒമ്പതാം മൈലിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പാമ്പാടുംപാറ, ബാലഗ്രാം, കോമ്പയാർ എന്നിവിടങ്ങളിൽ കൃഷിനശിച്ചു. പെരിയകനാൽ- മുത്തുകനാൽ റോഡ് ഒലിച്ചുപോയി. വാത്തിക്കുടിയിൽ തെറ്റാലിക്കടയിൽ ഉരുൾപൊട്ടി വീട് ഭാഗികമായി തകർന്നു. കട്ടപ്പന കൃഷി അസിസ്റ്റന്റ് ഓഫീസ്, പാറക്കടവ് തവളപ്പാറ, കൊച്ചുതോവാള, ഏലപ്പാറ- കോഴിക്കാനം, മണിയാറൻകുടി, ഒമ്പതേക്കർ, ഈറ്റക്കാനം, കരുന്തരുവി, ചിന്നാർ മൂന്നാംമൈൽ, ഈന്തലാർ മൂന്നാംഡിവിഷൻ, കിഴുകാനം, മത്തായിപ്പാറ, ഉപ്പുതറ ഒമ്പതേക്കർ, വാത്തിക്കുടി പൂമാംങ്കണ്ടം, രാജകുമാരി മഞ്ഞകുഴി, മാങ്കുളം വനം, ചെറുതോണി- നേര്യമംഗലം റൂട്ടിൽ കീരിത്തോട്, പൂവേഴ്സ് മൗണ്ട്, സന്യാസിയോട എന്നിവിടങ്ങളിലും ഉരുൾപൊട്ടി.