കട്ടപ്പന :കുന്തളംപാറ വി ടി പടിയിൽ ഉരുൾപൊട്ടി വീട് ഒലിച്ച് പോയി. കുടുംബാംഗങ്ങൾ രക്ഷപെട്ടത് തലനരിഴക്ക്. ഏക്കർകണക്കിന് കൃഷിയിടവും ഒലിച്ച് പോയി. വി ടി പടി യാധവം രാധകൃഷ്ണന്റെ വീടാണ് ഉരുൾപൊട്ടലിൽ ഒലിച്ച്‌പോയത്. ഇന്നലെ രാവിലെ 10 മണിയോടെ ഉഗ്രശബ്ദത്തോടെ ഉരുൾപ്പൊട്ടി വരുകയായിരുന്നു. രാധകൃഷ്ണന്റെ ഭാര്യ മിനി, മകൾ മാളവിക ബന്ധുക്കൾ എന്നിവരടക്കം അഞ്ചോളം പേർ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഉടൻ ബഹളം വച്ച് വീട്ടുകാർ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. കുടുംബാംഗങ്ങളുടെ കൺമുമ്പിൽ വീട് പകുതിയോളം ഒലിച്ച് പോയി. വീട്ടുപകരണങ്ങളും എല്ലാം നശിച്ചു. ഒരു മാസം മുമ്പാണ് രാധകൃഷ്ണൻ പുതിയ വീടിന്റെ പണികൾ പൂർത്തീകരിച്ച് ഗൃഹപ്രവേശം നടത്തിയത്
ഒരുകിലോമീറ്ററോളം മുകളിൽ നിന്ന് ചിറക്കാനത്ത് രാമചന്ദ്രൻ, പാറശേരിയിൽ സുരേന്ദ്രൻ എന്നിവരുടെ ഭൂമിയിൽ നിന്നാണ് ഉഗ്രശബ്ദത്തോടെ ഉരുൾപൊട്ടിയത്. ശബ്ദം കേട്ട് സമീപ വീടുകളിൽ നിന്നും ആളുകൾ ഓടി മാറുകയായിരുന്നു. നിമിഷ നേരം കൊണ്ട് ഏക്കർ കണക്കിന് കൃഷി ഭൂമിയും മണ്ണിനടിയിലായി. പനഞ്ചിതുരിത്തിൽ ഷാജി, ജസ്റ്റിൻ, തുടങ്ങി ഏട്ടോളം പേരുടെ സ്ഥലം ഉരുൾപൊട്ടലിൽ ഒലിച്ച് പോയി.