ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് അണക്കെട്ടുകളുടെ ജലനിരപ്പ് അതിവേഗമാണ് ഉയരുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഒറ്റദിവസംകൊണ്ട് നാലര അടിയോളമാണ് ഉയർന്നത്. ചൊവ്വാഴ്ച 2318.02 അടിയായിരുന്നത് ഇന്നലെ 2325.40 ആയി. സമുദ്രനിരപ്പിൽ നിന്നുള്ള അളവാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ ഏഴ് മണിവരെ 85.40 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നത് കഴിഞ്ഞ വർഷം ഇതേദിവസമായിരുന്നു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അഞ്ചര അടിയിലേറെ ഉയർന്ന് 119.85 ആയി. ഇന്നലെ 114 അടിയായിരുന്നു ജലനിരപ്പ്. 15700 ഘനയടി ജലമാണ് ഒരു സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 700 ഘടനഅടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് പരമാവധി സംഭരണശേഷി. 181.6 മില്ലിമീറ്റർ മഴയാണ് വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസം ലഭിച്ചത്. ആറ് ഷട്ടറുകളും 80 സെന്റി മീറ്റർ ഉയർത്തിയിട്ടും മലങ്കര ഡാമിലെ ജലനിരപ്പ് താഴുന്നില്ല. 41.66 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണശേഷി. 222.411 ഘനമീറ്റർ ജലമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. താരതമ്യേന ചെറിയ ഡാമുകളായ കല്ലാർകുട്ടി,​ കല്ലാർ,​ പാംബ്ല, ഇരട്ടയാർ എന്നീ ഡാമുകളുടെയും ഷട്ടർ ഉയർത്തിയിട്ടുണ്ട്. വേനൽ ശക്തമായ മഴ ലഭിക്കാത്തതിനാൽ ഇടുക്കിയടക്കമുള്ള ഡാമുകളിൽ ജലനിരപ്പ് കുറവായിരുന്നു. പരമാവധി സംഭരണശേഷിയുടെ 25 ശതമാനത്തിൽ താഴെ മാത്രമാണ് ഇടുക്കി ഡാമിൽ ജലമുള്ളത്.