തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കാൻ താത്കാലികമായി വിട്ടു നൽകിയ നഗരസഭയുടെ ലോറി സ്റ്റാൻഡ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡിക്ക് അടിയന്തരമായി നോട്ടീസ് നൽകാൻ കൗൺസിൽ പ്രമേയം പാസാക്കി. കൗൺസിലിൽ ഇതുസംബന്ധിച്ച് ഈ ആഴ്ച തന്നെ പ്രമേയം അവതരിപ്പിക്കുമെന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭയ്ക്ക് വാടകയിനത്തിൽ ലക്ഷക്കണക്കിന് രൂപ വാർഷിക വരുമാനം ലഭിക്കേണ്ട ലോറി സ്റ്റാൻഡ് അനന്തമായി കെ.എസ്.ആർ.ടി.സി കൈവശം വച്ചിരിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് കൗൺസിലർമാരായ ടി.കെ. സുധാകരൻ നായർ, എ.എം. ഹാരിദ് എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡിപ്പോ നിർമാണത്തിനായി 2012 ലാണ് താത്കാലിക സ്റ്റാൻഡ് പ്രവർത്തിക്കാൻ ലോറി സ്റ്റാന്റ് വിട്ടു നൽകിയത്. 2015ൽ തിരികെ കൈമാറണമെന്ന വ്യവസ്ഥയിലാണ് ലോറി സ്റ്റാന്റ് വിട്ടു നൽകിയത്. എന്നാൽ ഏഴു വർഷം പിന്നിട്ടിട്ടും ആധുനിക ഡിപ്പോയുടെ നിർമാണം പൂർത്തികരിച്ച് ഇവിടേക്ക് മാറാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ ലോറി സ്റ്റാൻഡ് തിരികെ ഏറ്റെടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടത്. ആധുനിക ഡിപ്പോയുടെ നിർമാണം പൂർത്തീകരിച്ച് ലോറി സ്റ്റാന്റ് വിട്ടു നൽകണമെന്ന് നഗരസഭ കൗൺസിൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് ഇവർ കുറ്റപ്പെടുത്തി. ജനങ്ങൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളും നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്ന ധനനഷ്ടവും ഗൗരവമായി കാണണം. ഈ സാഹചര്യത്തിൽ അടിയന്തരമായി ലോറി സ്റ്റാൻഡ് ഏറ്റെടുക്കണമെന്ന് ടി.കെ. സുധാകരനും എ.എം ഹാരിദും ആവശ്യപ്പെട്ടു. ലോറി സ്റ്റാന്റ് വിട്ടു നൽകിയ കരാർ 2015 സെപ്തംബറിൽ അവസാനിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയുടെ അഭ്യർത്ഥന മാനിച്ച് അടുത്ത ഒക്ടോബർ പത്തുവരെ നഗരസഭ കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൗൺസിലിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് സ്റ്റാന്റ് പൂർവ സ്ഥിതിയിലാക്കി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്ത് നൽകാൻ കൗൺസിൽ ഐകകണ്ഠേനെ പ്രമേയം പാസാക്കുകയായിരുന്നു.