ഇടുക്കി: ഇടുക്കിയടക്കമുള്ള കേരളത്തിലെ വലിയ ഡാമുകളിലെല്ലാം നിലവിൽ പകുതിയിൽ താഴെ വെള്ളം മാത്രമാണുള്ളത്. അതിനാൽ, വലിയ ഡാമുകൾ മുൻകരുതലുകളെടുക്കാതെ തുറന്നുവിട്ടതാണ് കഴിഞ്ഞ വർഷം പ്രളയമുണ്ടാക്കിയതെന്ന ആക്ഷേപത്തിന് ഇത്തവണ പ്രസക്തിയില്ല.
കെ.എസ്.ഇ.ബിയുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 50 ശതമാനത്തിൽ താഴെ മാത്രം ജലമാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിൽ നിലവിൽ 32 ശതമാനം ജലം. പമ്പ- 30 ശതമാനം, ഷോളയാർ- 42 ശതമാനം, ഇടമലയാർ- 40ശതമാനംകുണ്ടള- 32 ശതമാനം, മാട്ടുപ്പെട്ടി- 23ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. വലിയ ഡാമുകളെല്ലാം തുറന്നുവിട്ടെന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ കെ.എസ്.ഇ.ബി ഔദ്യോഗിക ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം. മണിയും വ്യക്തമാക്കിയിരുന്നു.
അതേസമയം ഡാമുകളിലെ നീരൊഴുക്ക് പ്രളയകാലത്തിന് സമാനമാണ്. ഇടുക്കി അണക്കെട്ടിൽ 24 മണിക്കൂറിനിടെ ഉയർന്നത് എട്ട് അടിയോളം വെള്ളമാണ്. 2333.12 അടിയാണ് വെള്ളിയാഴ്ച വൈകിട്ട് നാലിന് അണക്കെട്ടിലെ ജലനിരപ്പ്. വ്യാഴാഴ്ച വൈകിട്ട് നാലിന് 2325.4 അടിയായിരുന്നു. 7.72 അടിയുടെ വർദ്ധന. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 2398.40 അടിയായിരുന്നു . 192.2 മില്ലിമീറ്റർ മഴയാണ് വൃഷ്ടിപ്രദേശത്ത് ഇന്നലെ ലഭിച്ചത്. ഇതുവഴി 135.532 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. 114 അടിയായിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 48 മണിക്കൂറിനുള്ളിൽ 125 അടിയായി. 6800 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 600 ഘനയടിയിൽ നിന്ന് 1100 ആയി ഉയർത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 200.6 മില്ലീമീർ മഴ പെയ്തു. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി. കഴിഞ്ഞ വർഷം 142.3 ൽ എത്തിയപ്പോഴാണ് ഡാം തമിഴ്നാട് തുറന്നുവിട്ടത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം കുറച്ചു. 1.419 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.
''ചെറിയ ഡാമുകൾ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളിൽ ഇനിയും സംഭരണശേഷിയുണ്ട്.
വൈദ്യുതി മന്ത്രി
എം.എം.മണി
'' ഡാമുകൾ എല്ലാം തുറന്നു വിട്ടെന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നു. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നു വിട്ടത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടെന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.'
-കെ.എസ്.ഇ.ബിയുടെ
ഫേസ്ബുക്ക് പോസ്റ്റ്