നെടുംകണ്ടം: രണ്ടു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും നെടുംകണ്ടം മേഖലയിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു. മാവടി, മഞ്ഞപ്പാറ, ചിന്നാർ, പെരിഞ്ചാംകുട്ടി, കരുണാപുരം, ബാലഗ്രാം, കോമ്പയാർ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഉടുമ്പൻചോല താലൂക്കിൽ 24 വീടുകൾ തകർന്നു. താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴ ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ശക്തമായ കാറ്റിനോടൊപ്പം പെയ്ത മഴയിൽ മരം വീണും മണ്ണിടിഞ്ഞും മേൽക്കൂര തകർന്നുമാണ് 24 വീടുകൾക്ക് നാശം നേരിട്ടത് . മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. കരുണാപുരം വില്ലേജിൽ മാത്രം 6 വീടുകൾ തകർന്നു. ഉടുമ്പൻചോല, ബൈസൻവാലി, ആനവിലാസം വില്ലേജുകളിൽ രണ്ടുവീതവും ചിന്നക്കനാൽ, വണ്ടൻമേട് വില്ലേജുകളിൽ മൂന്നുവീതവും കൽക്കൂന്തലിൽ നാലും രാജാക്കാട്, രാജകുമാരി വില്ലേജുകളിൽ ഓരോവീടുകളുമാണ് തകർന്നതെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ അറിയിച്ചു. ആനക്കല്ല് തേവാരം മെട്ട് മംഗളാംകുഴി വനജ ശ്രീരംഗ രാമന്റെ വീട് ശക്തമായ മഴയിൽ തകർന്നു.പൊന്നാമല പള്ളത്ത് മനോജിന്റെ അര ഏക്കറോളം കൃഷിസ്ഥലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. സമീപത്ത് താമസിക്കുന്ന പള്ളത്ത് ബിജു തോമസിന്റെ വീടിന്റെ തിട്ട വീടിനുള്ളിലേക്ക് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. മാവടിയിൽ ലൈഫ് ഭവന പദ്ധതിവഴി നിർമ്മാണത്തിലിരുന്ന അമ്പലത്തിങ്കൽ മാത്യുവിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. കഴിഞ്ഞ പ്രളയകാലത്ത് മാത്യുവിന്റെ വീട് പൂർണമായും തകർന്നിരുന്നു. ഇതേത്തുടർന്ന് ഒരാൾ സൗജന്യമായി നൽകിയ സ്ഥലത്താണ് ലൈഫ് ഭവനപദ്ധതിവഴി വീട് നിർമ്മിച്ചുവരുന്നത്. ജലനിരപ്പ്കുറഞ്ഞതിനെത്തുടർന്ന് കല്ലാർ ഡാമിന്റെ ഒരു ഷട്ടർ അടച്ചു. രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നിരുന്നത്. ജലനിരപ്പിന്റെ തോത് അനുസരിച്ച് ഷട്ടറുകൾ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ദ്രുതകർമ്മസേനയ്ക്ക് രൂപം നൽകി.
നെടുങ്കണ്ടം: കാലവർഷക്കെടുതി നേരിടാൻ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ 50 പേരടങ്ങുന്ന ദ്രുതകർമ്മസേനയ്ക്ക് രൂപം നൽകി. . എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അഞ്ച് വീതം യുവാക്കളും സന്നദ്ധ സംഘടനകളിൽ നിന്നുള്ളവരും ഉൾപ്പെട്ടതാണ് ദൃതകർമ്മ സേന. മഴക്കെടുതി, പ്രകൃതിക്ഷോഭം തുടങ്ങിയവ ഉണ്ടാകുമ്പോൾ ഏതുസമയത്തും ഇവരുടെ സേവനം ലഭ്യമാക്കും. ഇതിനായി ജെ.സി.ബി, മരം മുറിക്കുന്ന കട്ടർ മെഷീൻ, വാഹനങ്ങൾ എന്നിവ ഗ്രാമപഞ്ചായത്ത് നൽകും. ദൃതകർമ്മ സേനയുടെ രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, എല്ലാ വാർഡുകളിൽ നിന്നുമുള്ള ക്ലബ്ബ് ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികളുടെ യുവജന പ്രതിനിധികൾ, റോട്ടറി, വൈസ്‌മെൻ, ജേസീസ്, വ്യാപാരി വ്യവസായി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.